കൊച്ചി: അനശ്വര ഗാനങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ഭവഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അഞ്ച് പതിറ്റാണ്ടിനിടെ സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. തൃശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വൈകിട്ട് ഏഴോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയില്‍ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. പത്ത് മുതല്‍ 12 മണിവരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം നടക്കും. ശേഷം ചേന്ദമംഗലം പാലിയത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസ കാലഘട്ടമെല്ലാം ഇവിടെയായിരുന്നു. ഗായകന്‍ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയാണ് ജയചന്ദ്രന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.
1965ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ഒരുമുല്ലപ്പൂമാലയുമായ് എന്ന ഗാനത്തോടെയാണ് സിനിമ ഗാനരംഗത്തേക്ക് കടക്കുന്നത്. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി എന്ന ഗാനം ജയചന്ദ്രനെ പ്രശസ്തനാക്കി. പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി മനോഹര ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.
1986ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ജയചന്ദ്രനെത്തേടിയെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
Kerala
News
പ്രണയാദുര വിസ്മയ ശബ്ദം നിലച്ചു, പാടാന്‍ ഒരുപാട് ബാക്കിയാക്കി... നഷ്ടമായത് മലയാളത്തിന്റെ ഭാവഗായകനെ; ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച്ച ചേന്ദമംഗലം പാലിയത്ത് വീട്ടില്‍
Comments
No comments yet. Be the first to comment!
Leave a Comment