Sunday, August 2, 2026
India News

ആദ്യം 48, പിന്നെ 24, ഇപ്പോള്‍ 168 മണിക്കൂര്‍... ഇതെങ്കിലും നടപ്പാകുമോയെന്ന് ജനം: വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് 7 ദിവസ സൗജന്യ ചികിത്സാ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ആദ്യം 48, പിന്നെ 24, ഇപ്പോള്‍ 168 മണിക്കൂര്‍... ഇതെങ്കിലും നടപ്പാകുമോയെന്ന് ജനം: വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് 7 ദിവസ സൗജന്യ ചികിത്സാ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: ഒന്നാം മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച വാഹനാപകട സൗജന്യ ചികിത്സാ പദ്ധതി എങ്ങുമെത്താതെ പ്രഖ്യാപനം മാത്രമായി നിലനില്‍ക്കെ ഇപ്പോഴിതാ കേന്ദ്ര ഗതാഗത മന്ത്രിയുടെ വക മറ്റൊരു പ്രഖ്യാപനം. വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് ഏഴ് ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചതായാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. ഇതു കൂടാതെ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

റോഡില്‍ വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഒന്നാം മോദി സര്‍ക്കാര്‍ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനത്തെ വലിയ കരഘോഷത്തോടെയാണ് ഇന്ത്യന്‍ ജനത ഏറ്റെടുത്തത്. ഇതിന് പിന്നാലെ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 24 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് കേരളത്തില്‍ പിണറായി സര്‍ക്കാരും വലിയ പ്രഖ്യാപനം നടത്തി.

എന്നാല്‍ ഈ രണ്ടു പ്രഖ്യാപനങ്ങളും നടപ്പായതായി അറിവില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ 108 ആംബുലന്‍സ് പദ്ധതി നടപ്പായ ശേഷം പ്രഖ്യാപനം പ്രാബല്യത്തില്‍ വരുമെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയം ഉറപ്പ് നല്‍കിയത്. ആംബുലന്‍സ് പദ്ധതി നടപ്പായെങ്കിലും 24 മണിക്കൂര്‍ സൗജന്യ ചികിത്സാ പദ്ധതി ആരംഭിക്കാന്‍ പോലും ആയില്ല. ഇതിനിടെയാണ് ഇപ്പോള്‍ കേന്ദ്ര ഗതാഗത മന്ത്രി 168 മണിക്കൂര്‍ സൗജന്യ അപകട ചികിത്സാ പദ്ധതിയുമായി എത്തിയത്.

അപകടത്തിന് ശേഷം പോലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഏഴ് ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കും.

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ബസുകള്‍ക്കും ട്രക്കുകള്‍ക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങള്‍ അവതരിപ്പിക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി പറയുന്നു. ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരാന്‍ സാധ്യതയുണ്ടെങ്കില്‍ അവരെ അറിയിക്കാനുള്ള ഓഡിയോ വാണിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മോശം സ്റ്റിയറിങ് നിയന്ത്രണം കണ്ടെത്തുമ്പോള്‍ ആക്റ്റിവേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം എന്നിവയാണ് നിര്‍ബന്ധമാക്കുക.

കൊമേഴ്സ്യല്‍ ഡ്രൈവര്‍മാര്‍ പ്രതിദിനം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഡ്രൈവിങ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആധാര്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ പരിഗണിക്കുന്നുണ്ടെന്ന് ഗഡ്കരി വെളിപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുമെന്നും 2025 മാര്‍ച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment