Sunday, August 2, 2026
India News

രാജ്യ തലസ്ഥാനം ഭരിക്കാന്‍ ഇനി ആര്? ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്: അഴിമതി ആരോപണങ്ങളില്‍ ഉലഞ്ഞു നില്‍ക്കുന്ന ആംആദ്മിയെ അട്ടിമറിക്കുമോ ബി.ജെ.പി

രാജ്യ തലസ്ഥാനം ഭരിക്കാന്‍ ഇനി ആര്? ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്: അഴിമതി ആരോപണങ്ങളില്‍ ഉലഞ്ഞു നില്‍ക്കുന്ന ആംആദ്മിയെ അട്ടിമറിക്കുമോ ബി.ജെ.പി



ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്നറിയാന്‍ കൃത്യം ഒരു മാസം മാത്രം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് ഫലം അറിയാം. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന  പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ അതോ ബി.ജെ.പി അധികാരത്തില്‍ വരുമോ എന്നാണ് രാജ്യം ആകാംശയോടെ കാത്തിരിക്കുന്നത്.

ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.

ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറ സംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പുകളെല്ലാം സുതാര്യമാണെന്നും ഇ.വി.എം അട്ടിമറി ആരോപണങ്ങള്‍ കോടതി തള്ളിയതാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇ.വി.എമ്മില്‍ ക്രമക്കേട് നടത്താനാകില്ല. ഓരോഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്താറുണ്ട്. ഇ.വി.എം കമ്മീഷനിങ് മുതല്‍ വോട്ടെണ്ണല്‍ വരെ ഓരോഘട്ടത്തിലും ഇത് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരെയും ബോധ്യപ്പെടുത്താറുണ്ട്. ചോദ്യംചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ടെങ്കിലും അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ശരിയല്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

2020ല്‍ 70ല്‍ 62 സീറ്റുകള്‍ നേടി ഭരണത്തിലെത്തിയ ആംആദ്മി സര്‍ക്കാരിന്റെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ഡല്‍ഹിയില്‍ 1.55 കോടി വോട്ടര്‍മാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരുമുണ്ട്.

അഴിമതി കേസിന്റെ നിഴലില്‍ നില്‍ക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 100 കോടിയുടെ മദ്യനയ അഴിമതിയും 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കള്‍ കളം നിറഞ്ഞു കഴിഞ്ഞു.

അഴിമതി ആരോപണത്തെ മറികടക്കാന്‍ പതിവ് പോലെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പിടിച്ചു നില്‍ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാന്‍ യോജന, 60 വയസിന് മുകളിലുള്ളവര്‍ക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.  

പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാന്‍ ബി.ജെ.പിക്കും ശക്തിയായി. കര്‍ണ്ണാടക, ഹിമാചല്‍ മോഡലില്‍ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകള്‍ക്കായി കോണ്‍ഗ്രസും വാഗ്ദാനം ചെയ്യുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment