Sunday, August 2, 2026
International News

ട്രൂഡോയുടെ രാജി ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ:സ്ഥാനം ഒഴിഞ്ഞത് കാനഡയില്‍ കൂടുതല്‍ കാലം പ്രധാനമന്ത്രിയായ ആള്‍; രാജിയില്‍ സന്തോഷിച്ച് ഇന്ത്യ

ട്രൂഡോയുടെ രാജി ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ:സ്ഥാനം ഒഴിഞ്ഞത് കാനഡയില്‍ കൂടുതല്‍ കാലം പ്രധാനമന്ത്രിയായ ആള്‍; രാജിയില്‍ സന്തോഷിച്ച് ഇന്ത്യ


ഒട്ടാവ: ഒരു അമേരിക്കന്‍ പ്രസിഡന്റ് അധികാരമേല്‍ക്കുമ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ, സാമ്പത്തിക, നയപരമായ മാറ്റങ്ങള്‍ ആലോചിക്കാവുന്നതിലും അപ്പുറമാണ്. ആ നിലയില്‍ തൊട്ട് അയല്‍വക്ക രാജ്യങ്ങളുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കയുടെ തൊട്ടയല്‍വക്ക രാജ്യമായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ രാജിവച്ചിരിക്കുകയാണ്.

സര്‍ക്കാരിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ആഭ്യന്തര പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നതെങ്കിലും യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പുള്ള രാജി തീരുമാനത്തിന് പിന്നില്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതകളാണെന്ന സൂചനകളുമുണ്ട്. ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച താരിഫ് ഭീഷണികളില്‍ ട്രൂഡോയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. താന്‍ പ്രധാനമന്ത്രിയായി തുടര്‍ന്ന് അത് അംഗീകരിക്കേണ്ടിവരുമെന്ന് ട്രൂഡോക്ക് അറിയാം. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാജ്യയെന്നാണ് സൂചന.

പ്രധാനമന്ത്രി പദത്തോടൊപ്പം ലിബറല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനവും ട്രൂഡോ രാജിവച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കുറേക്കാലമായി അദ്ദേഹത്തിന്റെ രാജിക്കായി മുറവിളികൂട്ടിവരികെയാണ്. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാനിരിക്കെയാണ്. ഇതിനിടെയാണ് രാജി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയാണ്.

2024 സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താനും കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയെ ശ്രമം നടത്തി വരികെയായിരുന്നു. ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. ഒക്ടോബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളോട് ലിബറലുകള്‍ മോശമായി തോല്‍ക്കുമെന്ന് സര്‍വേകള്‍ വന്നിരുന്നു. ഇതിനു പിന്നാലയാണ് രാജി.

നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 56കാരിയായ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ക്രിസ്റ്റിയ ആണ്.

ട്രൂഡോയുടെ രാജി പാര്‍ട്ടിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. അടുത്ത നാല് വര്‍ഷത്തേക്ക് അമേരിക്കയിലെ ട്രംപിന്റെ ഭരണത്തെ നേരിടാന്‍ കഴിയുന്ന ഒരു ഗവണ്‍മെന്റിനെ സജ്ജമാക്കാന്‍ ട്രൂഡോയുടെ രാജി വഴിയൊരുക്കും. കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാര്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്‍.ഡി.പി നേതാവ് ജഗ്മീത് സിംഗ് ട്രൂഡോയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്‍.ഡി.പി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കനേഡിയന്‍ പൗരനായ ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോയുടെ ആരോപണമാണ് ബന്ധം വഷളാക്കിയത്. ഇന്ത്യ ഈ ആരോപണം തള്ളി. ഇരുരാജ്യവും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഉഭയകക്ഷിബന്ധം വഷളായി. ഖലിസ്താന്‍ അനുകൂലികളെ ട്രൂഡോ സംരക്ഷിക്കുന്നുവെന്ന് ഇന്ത്യ ആരോപണമുയര്‍ത്തി. കാനഡയിലെ വോട്ടുബാങ്കായ ഖലിസ്താന്‍കാരെ പ്രീതിപ്പെടുത്താനാണ് ട്രൂഡോയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി.

10 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനുശേഷം 2015 നവംബറിലാണ് 53 കാരനായ ട്രൂഡോ അധികാരമേറ്റത്. പിന്നീട് ഒരു തവണകൂടി വിജയിക്കുകയും കാനഡയിലെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിമാരില്‍ ഒരാളായി മാറുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഉയര്‍ന്ന വിലയിലും ഭവനക്ഷാമത്തിലുമുള്ള പൊതുജന രോഷത്തിനിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി കുറയാന്‍ തുടങ്ങി.

ഇക്കൊല്ലം ഓഗസ്റ്റ് അവസാനത്തോടെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി നാള്‍ക്കുനാള്‍ ഇടിയുകയാണ്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. കനേഡിയന്‍ സ്ഥാപനമായ ആങ്കസ് റീഡ് ഡിസംബര്‍ 24-ന് പുറത്തുവിട്ട അഭിപ്രായസര്‍വേ ഫലമനുസരിച്ച് 68 ശതമാനം പേര്‍ക്ക് ട്രൂഡോയോട് താത്പര്യമില്ല. ഈ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പടിയിറക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment