Sunday, August 2, 2026
India News

മാസ്‌കും സോഷ്യല്‍ ഡിസ്റ്റന്‍സും തിരികെ വരുമോ?... എച്ച്.എം.പി.വി വൈറസ് ഭീതിയില്‍ രാജ്യം: ഏത് സാഹചര്യം നേരിടാനും തയ്യാറായി ആരോഗ്യമന്ത്രാലയം

മാസ്‌കും സോഷ്യല്‍ ഡിസ്റ്റന്‍സും തിരികെ വരുമോ?... എച്ച്.എം.പി.വി വൈറസ് ഭീതിയില്‍ രാജ്യം: ഏത് സാഹചര്യം നേരിടാനും തയ്യാറായി ആരോഗ്യമന്ത്രാലയം


അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചതോടെ എച്ച്.എം.പി.വി വൈറസ് രോഗബാധ ഭീതിയിലാണ് രാജ്യം. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് പുതുതായി എച്ച്.എം.പി.വി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അവിടെനിന്നും ഫലം വന്നശേഷമായിരിക്കും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. മാസ്‌ക് അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയില്‍ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയില്‍  ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുഞ്ഞുങ്ങള്‍ക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍. ശരീരസ്രവങ്ങളിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

2001-ല്‍ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്.എം.പി.വിക്കായി പ്രത്യേക പരിശോധനകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്.എം.പി.വി. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ വൈറസ് അപൂര്‍വം കേസുകളില്‍ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാല്‍, ചൈനയില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയത്.

ചൈനയിലെ രോഗബാധയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങള്‍ക്കും നല്‍കുന്നുണ്ട്. അതിനാല്‍ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ വര്‍ദ്ധന ഇത്തരം രോഗങ്ങളില്‍ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment