Sunday, August 2, 2026
International News

ലോകം വീണ്ടുമൊരു ആരോഗ്യ അടിയന്തിരാവസ്ഥയിലേക്കോ? ചൈനയില്‍ എച്ച്.എം.പി.വി വൈറസ് പടരുന്നു; ആശങ്കയില്‍ രാജ്യങ്ങള്‍

ലോകം വീണ്ടുമൊരു ആരോഗ്യ അടിയന്തിരാവസ്ഥയിലേക്കോ? ചൈനയില്‍ എച്ച്.എം.പി.വി വൈറസ് പടരുന്നു; ആശങ്കയില്‍ രാജ്യങ്ങള്‍



ബെയ്ജിങ്: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്നതിനിടെ വീണ്ടുമൊരു ആരോഗ്യ അടിയന്തിരാവസ്ഥയേ നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ലോകം. ചൈനയില്‍ ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വൈറസ് പടരുന്നതാണ് രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് മഹാമാരിക്ക് അഞ്ച് വര്‍ഷമാകുമ്പോഴാണ് ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് പകര്‍ച്ചയുണ്ടാകുന്നത്.

എന്നാല്‍ വൈറസ് ബാധ ചൈനീസ് ഭരണകൂടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചില മേഖലകളില്‍ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും വിവരമുണ്ട്. എന്നാല്‍ ചൈനയിലെ ആശുപത്രികള്‍ വൈറസ് രോഗബാധിതരാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുന്‍പ് കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അത് രാജ്യാന്തര സമൂഹത്തെ അറിയിക്കാത്തതിന്റെ പേരില്‍ പഴി കേട്ട രാജ്യമാണ് ചൈന.

ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിവയാണ് എച്ച്.എം.പി.വിയുടെ ലക്ഷണങ്ങള്‍. 2001 മുതല്‍ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വ്യാപകമായിട്ടില്ല. എച്ച്.എം.പി.വിക്ക് പ്രത്യേക മരുന്നോ വാക്‌സീനോ ലഭ്യമല്ല. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നല്‍കുക. കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിച്ചത്. ചൈനയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിര്‍ദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.  

അതേസമയം സംസ്ഥാനത്ത് കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ചൈനയില്‍ മലയാളികളേറെയുള്ളതിനാല്‍ അവിടെ നിന്നെത്തുന്നവരെ സുക്ഷമായി നിരീക്ഷിക്കാനാണ് തീരുമാനം. ചൈനയുള്‍പ്പെട ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാല്‍ നാം ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment