Sunday, August 2, 2026
Politics Views

യു.ഡി.എഫിനുള്ളില്‍ ഇടത് ബദല്‍: ലക്ഷ്യം സി.പി.ഐ; ബദല്‍ ഇടത് സഖ്യം യു.ഡി.എഫിന് പാരയാകുമോ?

യു.ഡി.എഫിനുള്ളില്‍ ഇടത് ബദല്‍: ലക്ഷ്യം സി.പി.ഐ; ബദല്‍ ഇടത് സഖ്യം യു.ഡി.എഫിന് പാരയാകുമോ?



തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭാഗമായുള്ള ഇടതു പാര്‍ട്ടികള്‍ ഒരുമിച്ച് സി.പി.എം ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിന് കൂപ്പുകൂട്ടുന്നു. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്റെ അപചയം തുറന്നുകാട്ടി തങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഇതുവഴി സി.പി.ഐയെ യു.ഡി.എഫിലേക്ക് കൊണ്ടുവന്നു വിശാലമായ ഇടത് ഫ്‌ളാറ്റ്‌ഫോം രൂപീകരിച്ച് അടുത്ത ടേമില്‍ ഭരണം ഉറപ്പിക്കാന്‍ ഇവര്‍ പ്രതീക്ഷ വയ്ക്കുന്നു.

യു.ഡി.എഫിലെ ഇടതുകക്ഷികളായ ആര്‍.എസ്.പി, സി.എം.പി, ആര്‍.എം.പി എന്നീ പാര്‍ട്ടികളാണ് ഇടത് ബദല്‍ ആശയത്തിന് പിന്നില്‍. ഫോര്‍വേഡ് ബ്ലോക്കും ഇവര്‍ക്കൊപ്പം ചേരും. ഒരേ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഭിന്നിച്ച് നില്‍ക്കാതെ ഒരുമിച്ച് നീങ്ങുകയെന്ന ആശയമാണ് ഇതിന് പിന്നില്‍. ഇടതുപക്ഷ ആശയങ്ങളുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ഇതിന്റെ ഭാഗമാക്കും. ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോര്‍ജിനാണ് ഇതിനുള്ള ചുമതല.

ആര്‍.എം.പി നേതാവ് എന്‍.വേണുവാണ് ഇത്തരമൊരു ആശയവുമായി സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്. ആര്‍.എസ്.പിയുമായും ഫോര്‍വേഡ് ബ്ലോക്കുമായും ചര്‍ച്ച നടത്തണമെന്ന് ജോണ്‍ നിര്‍ദേശിച്ചു. ആര്‍.എസ്.പിയില്‍ വിഷയം ചര്‍ച്ചയാകുന്നതിനു മുന്‍പ് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിനു ശേഷം ഇക്കാര്യം ഷിബു ബേബി ജോണ്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ധരിപ്പിച്ചു. ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്ന ഇടതുകക്ഷികളുടെ കൂട്ടായ്മയാണ് ലക്ഷ്യമെന്നും അതോടൊപ്പം സി.പി.എമ്മിനെതിരായ ബദല്‍ സംസ്ഥാനത്ത് കെട്ടിപ്പടുക്കുകയാണ് ഉദ്ദേശമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

എന്നാല്‍ വലത് പക്ഷത്ത് നില്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ ഒറ്റക്കുടക്കീഴില്‍ വരുന്നതോടെ ബദല്‍ ഇടത് മുന്നണി രൂപീകരിക്കപ്പെടുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടായാല്‍ ഒരുമിച്ചു നില്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ക്ക് വേഗത്തില്‍ യു.ഡി.എഫ് വിട്ട് സ്വതന്ത്രമുന്നണിയായി നിലകൊള്ളുകയോ ബദല്‍ ഇടതുപക്ഷമായി വിപുലീകരിക്കപ്പെടുകയോ ചെയ്യാനാകും. ഇത് യു.ഡി.എഫിന്റെ ശിഥിലീകരണത്തിന് കാരണമാകും.

മാത്രമല്ല വലത് പക്ഷ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന യു.ഡി.എഫിനുള്ളില്‍ ഇടത് ആശയങ്ങള്‍ ശക്തമായി അടിച്ചേല്‍പ്പിക്കാനും ഒറ്റക്കെട്ടായി നില്‍ക്കുന്നതോടെ ഇടത് പാര്‍ട്ടികള്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഈ ആശയത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് രാഷ്ട്രീയ കേരളം ആകാംശയോടെ നോക്കുന്നത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment