കണ്ണൂര്‍: കണ്ണൂരിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസുകാരി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഡ്രൈവരുടെ ഗുരുതവ ആരോപണം വിരല്‍ ചൂണ്ടുന്നത് സ്‌കൂള്‍ ബസുകളിലെ സുരക്ഷയിലേക്ക്. ബസിനു ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ വെളിപ്പെടുത്തല്‍, സംസ്ഥാനത്തെ മികച്ചതെന്ന് അവകാശപ്പെടുന്ന വിദ്യാലയങ്ങള്‍ എത്ര ലാഘവത്തോടെയാണ് കൂട്ടികളെ സുരക്ഷിതമായി കൊണ്ടുപോകുന്ന സ്‌കൂള്‍ ബസുകളെ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്.
അധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന മുറ പോലെ നടക്കാറുണ്ടെങ്കിലും പിന്നീട് അത് തുടരാത്തതാണ് ദാരുണമായ ആപകടത്തിലേക്ക് കൊണ്ടെത്തിച്ചത്. ബസിന്റെ ഫിറ്റ്‌നസ് പുതുക്കാന്‍ പോയപ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആര്‍.ടി.ഒ മടക്കി അയച്ചിരുന്നു. എന്നിട്ടും ഈ വാഹനം നിരത്തിലിറക്കി.
ബസിന്റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നെന്നുമാണ് ഡ്രൈവറുടെ മൊഴി. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. ഫിറ്റ്‌നസ് തീര്‍ന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് ഫിറ്റ്‌നസ് കഴിഞ്ഞിട്ടും അപകടത്തില്‍പ്പെട്ട ബസ് ഓടിക്കാന്‍ നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
ഫിറ്റ്‌നസ് കാലവധി നീട്ടി നല്‍കിയ സര്‍ക്കാരും ഫിറ്റ്‌നസ് കഴിഞ്ഞ വാഹനം കുട്ടികളെ കൊണ്ടുപോകുന്നതിനായി യാതൊരു സങ്കോചവും കൂടാതെ സര്‍വീസിന് നല്‍കിയ സ്‌കൂള്‍ അധികൃതരും കൃത്യമായി വാഹന പരിശോധന നടത്താന്‍ അലംഭാവം കാട്ടിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഈ അപകടത്തിന്റെ ഉത്തരവാദികളാണ്.
കൃത്യമായ ഇടവേളകളില്‍ വാഹനത്തിന്റെ പ്രത്യേകിച്ച് കുട്ടികളെ കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തണമെന്ന മുന്നറിയിപ്പുകൂടിയാണ് അപകടം നല്‍കുന്നത്. ഇറക്കത്തില്‍ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു എന്നാണ് ഡ്രൈവറുടെ മൊഴി. ഇടവേളകളില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ മാതാപിതാക്കളുടെ സ്വപ്‌നവും പ്രതീക്ഷയുമായ ഒരു കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ട സാഹചര്യം ഒഴിവാക്കാമായിരുന്നു.
ഇന്ന് വൈകിട്ട് നാലരയോടെയാണ് കണ്ണൂര്‍ വളക്കൈയില്‍ വെച്ച് ദാരുണമായ അപകടം ഉണ്ടായത്. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇട റോഡിലെ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തില്‍ ബസില്‍ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയില്‍പ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Kerala
News
ഫിറ്റ്‌നെസ് തീര്‍ന്ന വാഹനം നിരത്തിലിറക്കിയത് ആരെക്കെയോ അവരാണ് ഉത്തരവാദികള്‍: അപകടം ഉണ്ടായത് സ്‌കൂള്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട്; അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, 18 പേര്‍ക്ക് പരിക്ക്
Comments
No comments yet. Be the first to comment!
Leave a Comment