തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൂടുതൽ ഫണ്ട് ലക്ഷ്യമിട്ടാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതെങ്കിലും ആഭ്യന്തരമന്ത്രാലയം നൽകിയ കത്തിൽ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നത് സംബന്ധിച്ചു പരാമർശം ഇല്ല.
ദുരന്തമുണ്ടായി അഞ്ചാം മാസമാണ് കേരളത്തിന്റെ പ്രധാന ആവശ്യം കേന്ദ്രം അംഗീകരിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഇതു സംബന്ധിച്ച കത്ത് സംസ്ഥാന റവന്യു സെക്രട്ടറിക്ക് കൈമാറി.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അധിക ഫണ്ടുകൾ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും. എംപി ഫണ്ടുകൾ ഉപയോഗിക്കാനാകും. എന്നാൽ ഇക്കാര്യങ്ങളിൽ കത്തിൽ പരാമർശമില്ല. പകരം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇതിനകം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് നൽകിയിട്ടുണ്ടെന്ന ഒരു വരി മാത്രമാണ് കത്തിലുള്ളത്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്.
ഇതിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ഇനി അനുവദിക്കില്ലെന്ന സൂചനയാണ് കേന്ദ്രം ആവർത്തിക്കുന്നത്. പി.ഡി.എം.എ പരിശോധിച്ചതിന് ശേഷം, ഇനി പുനർനിർമാണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
Comments
No comments yet. Be the first to comment!
Leave a Comment