Sunday, August 2, 2026
Kerala News

എംടി ഇനി ദീപ്തമായ ഓര്‍മ; തീനാളയില്‍ ലയിച്ച് മലയാളത്തിന്റെ അക്ഷരസൂര്യന്‍; അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

എംടി ഇനി ദീപ്തമായ ഓര്‍മ; തീനാളയില്‍ ലയിച്ച് മലയാളത്തിന്റെ അക്ഷരസൂര്യന്‍; അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍


കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ കുലപതി എം.ടി. വാസുദേവന്‍നായര്‍ ഇനി ദീപ്തമായ ഓര്‍മ്മ. മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ എംടിയുടെ ഭൗതികശരീരം അഗ്‌നി ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരപുത്രന്‍ ടി.സതീശന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പൊതുദര്‍ശനവും വിലാപയാത്രയിലെ ആള്‍ക്കൂട്ടവും എംടി ആഗ്രഹിച്ചിരുന്നില്ലെങ്കിലും ആരാധകരും സ്‌നേഹിതരും അടക്കം ആയിരങ്ങള്‍ ഒഴുകിയെത്തി.


കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടില്‍ ഒരു രാത്രിയും ഒരു പകലും നീണ്ട പൊതുദര്‍ശനം അവസാനിച്ചത് വൈകിട്ട് മൂന്നരയോടെയാണ്. പൊതുദര്‍ശന തിരക്കും വിലാപയാത്രയിലെ ആള്‍ക്കൂട്ടവും അന്ത്യയാത്രയില്‍ ആഗ്രഹിച്ചിരുന്നില്ല എംടി. എങ്കിലും പ്രിയപ്പെട്ടവരുടെ സ്‌നേഹ സമ്മര്‍ദ്ദങ്ങള്‍ക്ക് കുടുംബം വഴങ്ങിയതോടെയാണ് എംടിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആരാധകര്‍ക്കും നാട്ടുകാര്‍ക്കും വഴിയൊരുങ്ങിയത്. 


സഹോദര പുത്രന്‍ സതീശന്റെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതശരീരം വീട്ടില്‍ നിന്ന് ഇറക്കുമ്പോഴും പ്രിയ കഥാകാരനെ ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍ വരിയില്‍ ബാക്കിയായിരുന്നു. കാത്തു നിന്നവര്‍ എംടിക്കൊപ്പം നടന്നപ്പോള്‍ അന്ത്യയാത്ര ആരുടെയും ആസൂത്രണമില്ലാതെ തന്നെ ഒരു വിലാപയാത്രയായി മാറി. 


കൊട്ടാരം റോഡിലെ സിതാരയ്ക്കും മാവൂര്‍ റോഡിലെ സ്മൃതിപഥത്തിനുമിടയിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ നഗരവീഥികളിലുടനീളം പ്രിയ കഥാകാരന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനം നിറഞ്ഞു. നാലേമുക്കാലോടെ മൃതശരീരം എത്തിക്കുമ്പോഴേക്കും സ്മൃതിപഥവും പരിസരവും ആള്‍ക്കൂട്ടത്താല്‍ മൂടിയിരുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹമറിയിച്ചവര്‍ക്കായി ഹ്രസ്വ നേരം കൂടി പൊതുദര്‍നം. 


മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സ്മൃതിപഥത്തിലുണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ച് പോലീസ് സേന. പിന്നെ അന്ത്യകര്‍മങ്ങള്‍ക്കു ശേഷം വാതകചിതയിലെ അഗ്‌നിനാളമായി മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഒരു തീനാളമായി എരിഞ്ഞവസാനിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment