Sunday, August 2, 2026
Kerala News

എഴുത്തിന്റെ മഹാമനുഷ്യന് കേരളം ഇന്ന് വിടനല്‍കും: പൊതുദര്‍ശനമില്ല, സിതാരയിലേക്ക് ജനസാഗരം ഒഴുകിയെത്തുന്നു; അനുസ്മരിച്ച് പ്രമുഖര്‍

എഴുത്തിന്റെ മഹാമനുഷ്യന് കേരളം ഇന്ന് വിടനല്‍കും: പൊതുദര്‍ശനമില്ല, സിതാരയിലേക്ക് ജനസാഗരം ഒഴുകിയെത്തുന്നു; അനുസ്മരിച്ച് പ്രമുഖര്‍



കോഴിക്കോട്: എഴുത്തിന്റെ മഹാമനുഷ്യന് കേരളവും സാഹിത്യ ലോകവും ഇന്ന് വിടനല്‍കും. ജീവിത പരിണാമത്തെ തൂലികയിലേക്ക് ആവാഹിച്ച പ്രതിഭക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താരയില്‍ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അര്‍പ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഇല്ലാതെയാകും അവസാന യാത്ര. സംസ്‌കാരം 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക, സാംസ്‌കാരിക ചലച്ചിത്ര പ്രവര്‍ത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ സിതാരയിലേക്ക് എത്തുന്നത്. പുലര്‍ച്ചെ 5 മണിയോടെ നടന്‍ മോഹന്‍ലാല്‍ സിത്താരയിലെത്തി പ്രിയ എഴുത്തുകാരന് ആദരമര്‍പ്പിച്ചു. എംടിയുടെ പ്രിയ സംവിധായകന്‍ ഹരിഹരനും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.  

നടന്‍ മോഹന്‍ലാല്‍

സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്നയാളാണ് എം.ടി. വാസുദേവന്‍ നായരെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു. ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ട്. അമൃതംഗമയ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചു. പരസ്പരം വളരെ അധികം സ്‌നേഹമുള്ള ആള്‍ക്കാരായിരുന്നു. അവസാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ സെറ്റില്‍ എംടി വരികയും ഒരുപാട് സംസാരിക്കുകയും ചെയ്തു.

എന്റെ സംസ്‌കൃത നാടകങ്ങള്‍ കാണാനായി മുംബൈയില്‍ വരികയൊക്കെ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കോഴിക്കോട് സിതാരയില്‍ എത്തിയ മോഹന്‍ലാലിനൊപ്പെ സംവിധായകന്‍ ടി.കെ. രാജീവ് കുമാറും ഉണ്ടായിരുന്നു. കൊച്ചിയിലായിരുന്ന മോഹന്‍ലാല്‍ മരണവിവരമറിഞ്ഞ് രാത്രി തന്നെ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.

നടന്‍ മമ്മൂട്ടി

തന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നുവെന്ന് എംടിയുടെ വിയോഗത്തെ അനുസ്മരിച്ചു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീര്‍ണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകര്‍ന്നുവെച്ചത്. വള്ളുവനാടന്‍ നാട്ടുജീവിത സംസ്‌കാരത്തില്‍ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയര്‍ന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതല്‍ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവര്‍ത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു എം.ടി. വാസുദേവന്‍ നായരെന്നും അദ്ദേഹം അനുസ്മരിച്ചു.

എം.വി. ഗോവിന്ദന്‍ (സി.പി.എം സംസ്ഥാന സെക്രട്ടറി)

മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം.ടി. വാസുദേവന്‍ നായരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളില്‍ ചിരകാലം ജ്വലിച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.ബി. രാജേഷ് (മന്ത്രി)
മലയാളം എന്ന വികാരത്താല്‍ കോര്‍ത്തിണക്കപ്പെട്ട എല്ലാ കേരളീയര്‍ക്കും ഏറ്റവും ദുഃഖകരമായ  വാര്‍ത്തയാണിതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാള്‍. ഈ ശൂന്യത ഏറെക്കാലം നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

പി.എസ്. ശ്രീധരന്‍ പിള്ള (ഗോവ ഗവര്‍ണര്‍)

മലയാളത്തെ വിശ്വ സാഹിത്യത്തിലേക്ക് കൊണ്ടുപോയ മഹാ എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായരെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. എംടിയുടെ മൗനം  തന്നെ വാചലമാണ്. ഒരുപാട് അര്‍ഥ  തലമുണ്ടാകും അതിന്. ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പ്രേരണയിലാണ്. വിവാദങ്ങളിലൊന്നും പെടാതെ അദ്ദേഹം മാറി നിന്നു. അദ്ദേഹത്തിന്റെ വാത്സല്യം എറ്റു വാങ്ങിയ ആളാണ് ഞാന്‍ . എന്റെ രാഷ്ട്രീയത്തിനോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.


രാജീവ് ചന്ദ്രശേഖര്‍ (കേന്ദ്രമന്ത്രി

എംടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. മലയാളത്തിന്റെ ആത്മാവറിഞ്ഞ കഥാകാരന് വിട! അക്ഷരങ്ങളുടെ ലോകത്ത് എംടിയുടെ സംഭാവനകള്‍ അനശ്വരമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ഓം ശാന്തി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment