Sunday, August 2, 2026
Kerala News

മലയാളത്തെ വിസ്മയിപ്പിച്ച ഇതിഹാസ പുരുഷന് വിട; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു; ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണം

മലയാളത്തെ വിസ്മയിപ്പിച്ച ഇതിഹാസ പുരുഷന് വിട; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു; ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണം


കോഴിക്കോട്: എഴുത്തിലെ വേറിട്ട ശൈലികൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച ഇതിഹാസ പുരുഷന്‍, മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എംടി ആശുപത്രിയില്‍ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ ആറ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജെ.സി. ദാനിയേല്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം അടക്കം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.


നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്‌സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ.


എംടിയുടെ വിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഡിസംബര്‍ 26, 27 തീയതികളിലാകും ദുഃഖാചരണം. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment