Sunday, August 2, 2026
Kerala News

സസ്‌പെന്‍ഷന് വിജയന്റെ കൗണ്ടര്‍ അറ്റാക്ക്; അജിത്കുമാറിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി പി.വിജയന്‍: പോലീസ് തലപ്പത്ത് അജിത്ത്-വിജയന്‍ പോര് മുറുകുന്നു

സസ്‌പെന്‍ഷന് വിജയന്റെ കൗണ്ടര്‍ അറ്റാക്ക്; അജിത്കുമാറിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി പി.വിജയന്‍: പോലീസ് തലപ്പത്ത് അജിത്ത്-വിജയന്‍ പോര് മുറുകുന്നു



തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് ഡി.ജി.പി സ്ഥാനക്കയറ്റം നല്‍കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ അജിത് കുമാറിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയുമായി ഇന്റലിജന്‍സ് വിഭാഗം മേധാവി പി.വിജയന്‍. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വിജയന്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഡി.ജി.പിക്ക് ലഭിച്ച പരാതി തുടര്‍ നടപടികള്‍ക്കായി സര്‍ക്കാറിന് കൈമാറി.

പി.വി. അന്‍വര്‍ എം.എല്‍.എ അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡി.ജി.പി എസ്.ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാര്‍ പി.വിജയനെതിരേ മൊഴി നല്‍കിയത്. പി.വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്.പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എ.ഡി.ജി.പിയുടെ മൊഴി. എന്നാല്‍, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.

നേരത്തെ എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി.വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്‌പെന്‍ഷന്‍. 2023 ലായിരുന്നു അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍. പിന്നീടുള്ള അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയതോടെയാണ് അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തുന്നത്.

അതേസമയം തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായാണെന്ന് പരാമര്‍ശിക്കുന്ന എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. തിരുവമ്പാടി ദേവസ്വം ബോര്‍ഡിനെ പേരെടുത്ത് വിമര്‍ശിച്ചാണ് അജിത് കുമാര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്.

തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തത്പരകക്ഷികളുമായി ചേര്‍ന്ന് പൂരം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയെന്ന ലക്ഷ്യവുമായാണ് പൂരം കലക്കാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

അതേസമയം, ഗൂഢാലോചന നടത്തിയ തത്പരകക്ഷികള്‍ ആരാണെന്നോ ഏത് രാഷ്ട്രിയ പാര്‍ട്ടിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍, മൊഴി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്, ആര്‍.എസ്.എസിന്റെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.

നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും പോലീസ് നിയമപരമായ ഇടപെടല്‍ മാത്രമാണ് ഇക്കാര്യത്തില്‍ നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടിലെ മറ്റൊരു ഭാഗം. എന്നാല്‍, ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളുകയും മറിച്ച് ഒരു ത്രിതല അന്വേഷണത്തിന് ഉത്തരവിടുകയുമാണ് ചെയ്തിട്ടുള്ളത്. ഈ അന്വേഷണം പുരോഗമിക്കുകയാണ്.



Related News

Comments

No comments yet. Be the first to comment!

Leave a Comment