Sunday, August 2, 2026
Kerala News

വന്യജീവി ആക്രമണങ്ങളിൽ നിർദേശങ്ങൾ അട്ടിമറിക്കുന്നതാര്?: കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക ജനരോക്ഷം: ജനകീയ ഹർത്താലുമായി രാഷ്ട്രീയ പാർട്ടികൾ

വന്യജീവി ആക്രമണങ്ങളിൽ നിർദേശങ്ങൾ അട്ടിമറിക്കുന്നതാര്?: കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക ജനരോക്ഷം: ജനകീയ ഹർത്താലുമായി രാഷ്ട്രീയ പാർട്ടികൾ


കോതമംഗലം: വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കായി മുന്നോട്ടു വച്ചതായി സർക്കാർ അവകാശപ്പെടുന്ന നിർദ്ദേശങ്ങൾ അട്ടിമറിക്കുന്നത് ആരാണ്. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ തൂക്കുവേലി ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ മന്ത്രി നേരിട്ട് നിർദ്ദേശിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് നടപ്പിൽ ആക്കാത്തതാണ് ഇന്നലെയും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെടാൻ ഇടയായത്.


കാട്ടാന ആക്രമണം ഉണ്ടായ കുട്ടമ്പുഴ ജനവാസ മേഖലയിൽ സൗരോര്‍ജ വേലിയോ, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഇവിടുത്തെ ജനങ്ങള്‍ വളരെ നാളായി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. ഓരോ ജീവനുകൾ പൊലിയുമ്പോഴും ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ഇവിടെ വന്നു വാക്ദാനങ്ങൾ നൽകി മടങ്ങുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുന്നത് തുടരുകയും ചെയ്യുന്നു.


കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് വർഗീസിന്‍റെ മകൻ എൽദോസാണ്​ (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്​. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി 8.30ഓടെ കെ.എസ്.ആർ.ടി.സി ബസിൽ ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന എൽദോസിനെ ആക്രമിച്ചത്​. 


ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് 250 മീറ്റർ മാറി ക്​ണാച്ചേരി അമ്പലത്തിന് സമീപത്തുവെച്ചാണ് സംഭവം. ഇരുവശവും കാടായ ഇവിടം പിന്നിട്ടാണ് ജനവാസമേഖല. ഇതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ എൽദോസിന്‍റെ മൃതദേഹം കണ്ടത്. ആനയുടെ ചവിട്ടേറ്റാണ്​ മരണം എന്ന്​ കരുതുന്നു. എൽദോസിന്‍റെ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു.


വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. സംഘർഷാവസ്ഥ രൂക്ഷമയത്തോടെ നാലുമണിക്കൂറിന് ശേഷം കളക്ടർ സംഭവസ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കളക്ടർക്കുനേരെയും നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി. ഒടുവിൽ നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയ ശേഷമാണ് മൃതദേഹം മാറ്റാൻ ജനം അനുവദിച്ചത്.


സംഭവത്തിൽ കുട്ടമ്പുഴയിലും കോതമംഗലത്തും ചൊവ്വാഴ്‌ച ജനകീയ ഹർത്താൽ നടത്തും. വിവിധ രാഷ്ട്രീയ കക്ഷികളുടെ സംയുക്തത്തിലാണ് ഹർത്താൽ. വൈകുന്നേരം മൂന്നിന് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടത്തും. 


Related News

Comments

No comments yet. Be the first to comment!

Leave a Comment