Monday, August 3, 2026
Kerala News

വയനാട്ടില്‍ വീടിന്വേഷിച്ച് പ്രിയങ്ക: മണ്ഡലത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ തീരുമാനം

വയനാട്ടില്‍ വീടിന്വേഷിച്ച് പ്രിയങ്ക: മണ്ഡലത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ തീരുമാനം



കല്പറ്റ: കന്നിയങ്കത്തിലെ മിന്നുന്ന വിജയത്തിനു പിന്നാലെ വയനാട്ടില്‍ വീടും ഓഫീസും സജ്ജീകരിക്കാനുള്ള ആലോചനയിലാണ് വയനാട് എം.പി പ്രിയങ്കാഗാന്ധി. റായ്ബറേലിയിലെ സോണിയാഗാന്ധിയുടെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള സൗകര്യങ്ങളാണ് പരിഗണനയില്‍. സുരക്ഷാകാരണങ്ങളും കൂടുതല്‍ ദിവസങ്ങള്‍ വയനാട്ടില്‍ തങ്ങുമെന്നതും പരിഗണിച്ചാണ് വീടന്വേഷിക്കുന്നത്. ജില്ലയിലെ പ്രധാനനേതാക്കളുമായി അനൗപചാരികമായി വീടിനെ സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്നു.

രാഹുല്‍ഗാന്ധി എം.പിയായിരുന്ന സമയത്ത് വയനാട്ടിലെത്തുമ്പോള്‍ പി.ഡബ്‌ള്യു.ഡി. റെസ്റ്റ് ഹൗസിലും റിസോര്‍ട്ടുകളിലുമായായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് റെസ്റ്റ് ഹൗസിലുള്‍പ്പെടെ രാത്രികാലങ്ങളില്‍ ജോലിചെയ്യാന്‍ മതിയായ സൗകര്യങ്ങളില്ലെന്നത് പരിമിതിയായിരുന്നു. രാഹുലിനെ അപേക്ഷിച്ച് ദേശീയരാഷ്ട്രീയത്തില്‍ ചുമതലകള്‍ കുറവായതിനാല്‍ മണ്ഡലം കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

വീടിന്റെ സൗകര്യങ്ങള്‍ക്കൊപ്പം എം.പി. ഓഫീസ്, ഔദ്യോഗിക-പാര്‍ട്ടി യോഗങ്ങള്‍ ചേരാനുള്ള സംവിധാനം, കോണ്‍ഫറന്‍സ് റൂം, ജനങ്ങളുമായി ഇടപഴകുന്നതിനുള്ള പ്രത്യേക ഓഫീസ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നാണ് പ്രിയങ്ക സൂചിപ്പിച്ചിരിക്കുന്നത്. റായ്ബറേലിയിലെ സോണിയാഗാന്ധിയുടെ ഓഫീസ് ഏകോപിപ്പിച്ചിരുന്നത് പ്രിയങ്കയായിരുന്നു. ഇതേ സൗകര്യങ്ങള്‍ വയനാട്ടിലുമുണ്ടാവണമെന്നാണ് ആവശ്യം.

കല്പറ്റ കേന്ദ്രീകരിച്ച് ഓഫീസ് വേണമെന്നാണ് താത്പര്യമെന്നും അറിയുന്നു. തിരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്കായി എത്തിയപ്പോള്‍ വിവിധ റിസോര്‍ട്ടുകളിലായായിരുന്നു പ്രിയങ്കയുടെ താമസം. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രിയങ്കാഗാന്ധി വയനാട്ടിലെത്തുന്നതോടെ വീടിന്റെ കാര്യത്തില്‍ വ്യക്തതവരുമെന്നാണ് പ്രതീക്ഷ.



Related News

Comments

No comments yet. Be the first to comment!

Leave a Comment