പത്തനംതിട്ട: കേരളത്തിലെ മുഖ്യമന്ത്രിയുടെ ഭരണനയങ്ങളെ പിന്തുണച്ച് ശശി തരൂര്‍ എംപി. സംസ്ഥാനത്ത് മികച്ച ഭരണമാണ് നടക്കുന്നതെന്നും വയോജന സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭാരതത്തിന് തന്നെ മാതൃകയാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തുറമുഖ പദ്ധതികള്‍ കേരളത്തിന് വലിയ നേട്ടമുണ്ടാക്കുമെന്നും കൂടുതല്‍ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ നയങ്ങളോട് യോജിപ്പാണെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം, കെപിസിസി അധ്യക്ഷനെ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഡല്‍ഹിയില്‍ എടുക്കട്ടെയെന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്നും തരൂര്‍ പറഞ്ഞു. മന്ത്രിസഭയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന ആരോപണത്തില്‍ അര്‍ഥമില്ലെന്നും തനിക്ക് പ്രത്യേക ഗ്രൂപ്പുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്കിടെ ഷാഫി പറമ്പില്‍ എംപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി രംഗത്തെത്തി. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പരോക്ഷമായി ആരോപിച്ചു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാന്‍ താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഉണ്ണിത്താന് പറഞ്ഞു. തന്നെ പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി.


Comments
No comments yet. Be the first to comment!
Leave a Comment