തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അങ്ങനെ പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നും ഉണ്ണിത്താന് പറഞ്ഞു. ഉമ്മന്‍ചാണ്ടി സ്കൂള്‍ ഓഫ് പൊളിറ്റിക്സിന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ വ്യാജ ഐഡികളും ചില പെട്ടിതാങ്ങികളുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് ആരോപിച്ചു. ആക്രമണം സ്വാഭാവികമായി ഉണ്ടായതല്ലെന്നും ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും ഉണ്ണിത്താന് വിമര്‍ശനം ഉന്നയിച്ചു. ആശാനുവേണ്ടി ശിഷ്യന് രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഷാഫി പറമ്പിലിനെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം എ ഗ്രൂപ്പുകാരനല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും ഉണ്ണിത്താന് വിശദീകരിച്ചു. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയ സമയത്ത് അദ്ദേഹത്തിനൊപ്പം നിന്നത് താനും ടി സിദ്ദിഖും മാത്രമായിരുന്നുവെന്നും ഉണ്ണിത്താന് അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോള്‍ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന ഭയത്തില്‍ ചിലര്‍ മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി മറ്റൊരാളെ പരിഗണിക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം ചിലര്‍ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും നേതാക്കള്‍ തമ്മിലുള്ള വാക്പോരും വീണ്ടും ശക്തമാകുന്നതിനിടെയാണ് ഉണ്ണിത്താന്റെ പ്രതികരണം.


Comments
No comments yet. Be the first to comment!
Leave a Comment