24/11/2026
Kerala News

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്ഥിരം അടുപ്പുകള്‍ പരിഗണനയില്‍; ചുടുകല്ലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

 ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്ഥിരം അടുപ്പുകള്‍ പരിഗണനയില്‍; ചുടുകല്ലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ചുടുകല്ലുകള്‍ക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മേയര്‍ വി വി രാജേഷ്. പൊങ്കാലയ്ക്ക് ചുടുകല്ലുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി സ്ഥിരം അടുപ്പുകള്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് മേയറുടെ നിര്‍ദേശം. ചുടുകല്ലുകള്‍ നീക്കം ചെയ്യുന്നതിനും മറ്റ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വലിയ തുക ചെലവാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകള്‍ ഉപയോഗിക്കുന്നത് പൊടിയും പുകയും കുറയ്ക്കാന്‍ സഹായിക്കുമെന്നും ആരോഗ്യകരമായ സംവിധാനമാണിതെന്നും മേയര്‍ പറഞ്ഞു. ലക്ഷക്കണക്കിന് അടുപ്പുകള്‍ ആവശ്യമായി വരുന്ന പൊങ്കാല ചടങ്ങില്‍ ഇത്തരം അടുപ്പുകള്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും. തുരുമ്പ് പിടിക്കാതെയും കേടുപാടുകള്‍ സംഭവിക്കാതെയും സംരക്ഷിച്ചാല്‍ ദീര്‍ഘകാലം ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം പൊങ്കാലയ്ക്കായി ചുടുകല്ലുകള്‍ എത്തിക്കുന്നതിനും പിന്നീട് തിരികെ ഏല്‍പ്പിക്കുന്നതിനുമായി ഏകദേശം 12 ലക്ഷം രൂപ ചെലവായതായി മേയര്‍ പറഞ്ഞു. സ്ഥിരം അടുപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും മാലിന്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരം അടുപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘാടകരും മുന്നോട്ടുവരണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

അതേസമയം, നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വാട്ടര്‍ അഥോറിറ്റിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വി വി രാജേഷ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement