കാസര്‍ഗോഡ്: തനിക്കെതിരെ വ്യാജ ഐഡികളില്‍ നിന്ന് ആസൂത്രിതമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ആരോപിച്ചു. ഷാഫി പറമ്പിലിനെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം എ ഗ്രൂപ്പുകാരനല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും ഉണ്ണിത്താന് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട കാലത്ത് പ്രതിച്ഛായ ഭയന്ന് പലരും തലയില്‍ മുണ്ടിട്ട് ഒളിച്ചപ്പോള്‍, താനും ടി. സിദ്ദിഖും മാത്രമാണ് അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഉണ്ടായിരുന്നതെന്നും ഉണ്ണിത്താന് അവകാശപ്പെട്ടു. ഉമ്മന്‍ ചാണ്ടി സ്കൂള്‍ ഓഫ് പൊളിറ്റിക്സ് എന്ന് ഇപ്പോള്‍ പറയുന്നവര്‍ അന്ന് എവിടെയായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം, ഉമ്മന്‍ ചാണ്ടി ആശുപത്രിയിലായിരുന്നപ്പോള്‍ നല്കിയ കുറിപ്പടി കീറിയെറിഞ്ഞാണ് അടൂര്ക്കാരനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയതെന്നും, നിലവില്‍ തനിക്കെതിരായ സൈബര്‍ ആക്രമണം നടക്കുന്നത് അടൂര്‍ കേന്ദ്രീകരിച്ചാണെന്നും ആരോപിച്ചു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് വെല്ലുവിളിച്ച ഉണ്ണിത്താന്, ആരോപണമുന്നയിക്കുന്നവര്‍ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും മുന്നറിയിപ്പ് നല്കി. പനമ്പിള്ളി നഗറിലെ ഫ്ലാറ്റ്, 20-20 എന്ന വണ്ടി നമ്പര്‍ തുടങ്ങിയ സൂചനകള്‍ തന്റെ ഡയറിയിലുണ്ടെന്നും, അനാവശ്യമായി പ്രകോപിപ്പിച്ചാല്‍ പലരുടെയും മാന്യതയുടെ മുഖംമൂടി വലിച്ചുകീറുന്ന വിവരങ്ങള്‍ പുറത്തുവിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നും വിനാശ കാലേ വിപരീത ബുദ്ധി എന്നേ ഇപ്പോള്‍ പറയാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച രാജ്മോഹന്‍ ഉണ്ണിത്താന്, തന്റെ മകന് ബിജെപിയില്‍ പോയിട്ടില്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് എല്ലാം നേടിയവരുടെ മക്കളാണ് ബിജെപിയിലേക്ക് പോയതെന്നും വിമര്‍ശിച്ചു. കെ. കരുണാകരന്, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കൊപ്പം നിന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും എം.പി ആകുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങള്‍ തുറന്നുപറയുന്നത് തുടരുമെന്നും, കാസര്‍ഗോഡ് അഡീഷണല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വിദ്യാധരന് നമ്പ്യാര്‍ കോണ്‍ഗ്രസ് കുടുംബാംഗവും തനിക്ക് വേണ്ടി ബൂത്തില്‍ ഇരുന്നയാളുമാണെന്ന് മാത്രമാണ് പറഞ്ഞതെന്നും വിശദീകരിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment