പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും ദര്ശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നു. ബുക്കിങ് നടത്തിയിട്ടും എത്താത്തവരുടെ വിവരങ്ങള്‍ തേടി പമ്പ പൊലീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്കി. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ദേവസ്വം വിജിലന്‍സും സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്.
ഇന്നലെ മാത്രം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും ദര്ശനത്തിനെത്താതിരുന്നത് 23,714 പേരാണ്. ഇവരുടെ ബുക്കിങ് വിവരങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ബുക്കിങ് സംവിധാനത്തിലെ ക്രമക്കേടുകളോ മറ്റ് ദുരൂഹ ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ സംശയാസ്പദമായ നീക്കങ്ങള്‍ ദേവസ്വം വിജിലന്‍സും പരിശോധിച്ചുവരികയാണ്. സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന. ബുക്ക് ചെയ്തിട്ടും ദര്ശനത്തിനെത്താത്തവര്ക്ക് ഈ മണ്ഡലകാലത്ത് തുടര്‍ന്നുള്ള ബുക്കിങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താനും ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നുണ്ട്. പുതിയ സംവിധാനത്തില്‍ ബുക്കിങ്ങിന് ആധാര്‍ മാത്രമായിരിക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ഒടിപി പരിശോധനയും നിര്‍ബന്ധമാക്കും. വിദേശികള്‍ക്ക് മാത്രമായിരിക്കും പാസ്പോര്‍ട്ട് ഉപയോഗിച്ച് ബുക്ക് ചെയ്യാനുള്ള അനുമതി. പുതിയ സംവിധാനം ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് തീരുമാനം.


Comments
No comments yet. Be the first to comment!
Leave a Comment