തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വാങ്ങിയ വൈദ്യുതിക്ക് കേരളത്തിലെത്തിയപ്പോള്‍ വില 12.55 രൂപയായെന്ന് കെഎസ്ഇബി. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് നല്കിയ വിശദീകരണത്തിലാണ് കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കിയത്.
വിഇഎച്ച് ഗ്ലോബലുമായുള്ള കരാര്‍ പ്രകാരം ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 11 രൂപയാണ്. എന്നാല്‍ വൈദ്യുതി കേരളത്തിലെത്തിക്കുന്നതിനുള്ള പ്രസരണച്ചെലവായി യൂണിറ്റിന് 1.55 രൂപ കൂടി നല്‍കേണ്ടിവന്നു. ഇതോടെയാണ് ആകെ വില 12.55 രൂപയായത്. പ്രസരണ നിരക്കില്‍ മാത്രം കെഎസ്ഇബിക്ക് 92 ലക്ഷം രൂപയുടെ അധിക ചെലവുണ്ടായതായും വിശദീകരണത്തില്‍ പറയുന്നു.
അതേസമയം, 11 രൂപയില്‍ വൈദ്യുതി വ്യാപാരത്തിനുള്ള ട്രേഡിങ് മാര്‍ജിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ കെഎസ്ഇബി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വിഇഎച്ച് ഗ്ലോബലിന് വൈദ്യുതി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസന്‍സുണ്ടെന്ന് കരാറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലാണോ കരാര്‍ നടപ്പാക്കിയതെന്ന ചോദ്യത്തിനും വ്യക്തതയില്ല.
കഴിഞ്ഞ ദിവസമാണ് കരാറുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കിയത്. എന്നാല്‍ വിശദീകരണത്തില്‍ അവ്യക്തതയുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. കെഎസ്ഇബിയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. പൊതുതെളിവെടുപ്പ് പൂര്‍ത്തിയായതിന് ശേഷമേ കരാറിന് അനുമതി നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
അതിനിടെ, ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള വൈദ്യുതി കരാറുകളും വൈദ്യുതി വാങ്ങുന്നതിനായി നടത്തിയ ടെന്‍ഡറുകളും പുനഃപരിശോധിക്കാന്‍ കെഎസ്ഇബി എംഡി തീരുമാനിച്ചിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment