20/11/2026
Kerala News

പത്മജക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിടുന്നു; ഇന്ന് രാജിക്കത്ത് നല്‍കും

പത്മജക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിടുന്നു; ഇന്ന് രാജിക്കത്ത് നല്‍കും

തിരുവനന്തപുരം: പത്മജാ വേണുഗോപാലിന് പിന്നാലെ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസും ബിജെപി വിടുന്നു. നിലവില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായ അവര്‍, സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജിക്കൊരുങ്ങുന്നത്. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് 2024 മാര്‍ച്ചിലായിരുന്നു പത്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ തനിക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് പത്മിനി തോമസ് വ്യക്തമാക്കി. പാര്‍ട്ടിയിലേക്ക് പുതിയ ആളുകള്‍ വന്നപ്പോള്‍ തന്നെ പല പരിപാടികളിലും ഉള്‍പ്പെടുത്താതിരിക്കുകയും മീറ്റിംഗുകളിലേക്ക് വിളിക്കാതിരിക്കുകയും ചെയ്തത് വലിയ മാനസിക വിഷമമുണ്ടാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിഡന്റിനോടും സെക്രട്ടറിയോടും പലതവണ പരാതിപ്പെട്ടിട്ടും പരിഗണിക്കപ്പെട്ടില്ലെന്നും അവര്‍ ആരോപിച്ചു. ആര്‍. ശ്രീലേഖയും ബിജെപി വിടുമോ എന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് പറയാനാകില്ലെന്നും, എന്നാല്‍ അവര്‍ തന്റെ പ്രശ്നങ്ങള്‍ തന്നോട് പങ്കുവെച്ചിരുന്നുവെന്നും പത്മിനി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള താന്‍, അന്നത്തെ കെപിസിസി പ്രസിഡന്റുമായുണ്ടായ ചെറിയ തര്‍ക്കത്തെയും ചില മാനസിക ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്ന് അവര്‍ വിശദീകരിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിവരെല്ലാം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് അധികാരം ലഭിച്ചതുകൊണ്ടല്ല മടങ്ങിവരുന്നതെന്നും, സോഷ്യല്‍ മീഡിയയിലും മറ്റും വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാമെങ്കിലും തെറ്റുകള്‍ തിരുത്തി തിരികെ വരാന്‍ തനിക്ക് അവകാശമുണ്ടെന്നും പത്മിനി പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പലരും തന്നോട് സംസാരിക്കാന്‍ പോലും വിസമ്മതിച്ചിരുന്നുവെന്നും, എന്നാല്‍ ഇപ്പോഴത്തെ തിരിച്ചുവരവ് കുടുംബത്തിന് വലിയ സന്തോഷം നല്‍കുന്ന ഒന്നാണെന്നും അവര്‍ വ്യക്തമാക്കി.

യാതൊരു സ്ഥാനമാനങ്ങളും മോഹിച്ചല്ല കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതെന്നും, സാധാരണ പ്രവര്‍ത്തകയായി തുടര്‍ന്നുകൊണ്ട് കായിക മേഖലയ്ക്കായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്മിനി തോമസ് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement