20/11/2026
Kerala News

ഡ്രൈ ഡേയ്ക്കെതിരെ മുഖ്യമന്ത്രി; ടൂറിസം മേഖലയ്ക്ക് എതിരെന്ന് നിലപാട്

ഡ്രൈ ഡേയ്ക്കെതിരെ മുഖ്യമന്ത്രി; ടൂറിസം മേഖലയ്ക്ക് എതിരെന്ന് നിലപാട്

തിരുവനന്തപുരം: ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലെ മദ്യവില്‍പ്പന നിരോധനമായ ഡ്രൈ ഡേയ്ക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്തെത്തി. ഡ്രൈ ഡേ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം നടന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രൈ ഡേയില്‍ ടൂറിസം മേഖലയില്‍ മദ്യം വിളമ്പുന്നതിനായി 50,000 രൂപ ഫീസ് ഈടാക്കുന്ന രീതിയെയും അദ്ദേഹം യോഗത്തില്‍ വിമര്‍ശിച്ചു.

മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ചട്ടഭേദഗതി പ്രകാരം, നിശ്ചിത ഫീസടച്ച് ടൂറിസം മേഖലയിലെ പ്രത്യേക പരിപാടികളില്‍ ഒന്നാം തീയതി മദ്യം വിളമ്പാന്‍ നിലവില്‍ ഇളവുണ്ട്. ഇതുപ്രകാരം ബാറുടമകള്‍ എക്സൈസ് വകുപ്പില്‍ 50,000 രൂപയാണ് അടക്കേണ്ടത്. മുഖ്യമന്ത്രി തന്നെ അധ്യക്ഷനായ ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ മദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് എന്തിനാണ് ഇത്രയും വലിയ തുക ഫീസായി ഈടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചത്.

മാസത്തിലെ ഒന്നാം തീയതി മദ്യം വിലക്കുന്നത് വിവാഹങ്ങള്‍, വിവിധ ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ ഉള്‍പ്പെടുന്ന മൈസ് (MICE) ടൂറിസത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഡ്രൈ ഡേ നിയന്ത്രണങ്ങളിലും അനുബന്ധ ഫീസുകളിലും മാറ്റം വേണമെന്ന നിലപാട് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement