19/11/2026
Kerala News

മദ്യനയം ആദ്യം UDF ഉപസമിതിയില്‍ ചര്‍ച്ചയാകും, ശേഷം ക്യാബിനറ്റില്‍ വരും; നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

മദ്യനയം ആദ്യം UDF ഉപസമിതിയില്‍ ചര്‍ച്ചയാകും, ശേഷം ക്യാബിനറ്റില്‍ വരും; നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതിനായി യുഡിഎഫ് ഉപസമിതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഉപസമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ നിര്‍ദേശിക്കാന്‍ കെപിസിസി അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് ഉപസമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മദ്യനയം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുക. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുള്ള നയപരമായ നിലപാടും ഉപസമിതിയുടെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും സ്വീകരിക്കുക.

എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് നയത്തില്‍ ഉത്തരവാദിത്ത മദ്യപാനത്തിനാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. പുതിയ നയം നടപ്പിലാകുന്നതോടെ ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കില്ലെങ്കിലും അവയുടെ പ്രവര്‍ത്തനരീതിയിലും രൂപഘടനയിലും സമഗ്രമായ മാറ്റങ്ങളുണ്ടാകും. ഉപഭോക്താക്കളുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ബെവ്കോ ഔട്ട്ലെറ്റുകളുടെ രൂപഘടന ഏകീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. കൂടാതെ, തിരക്ക് കുറയ്ക്കുന്നതിനും സൗകര്യപ്രദമായ സേവനത്തിനുമായി സെല്‍ഫ് ഹെല്‍പ്പ് കൗണ്ടറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാനും കരട് നയം ലക്ഷ്യമിടുന്നു.

ബെവ്കോ ഔട്ട്ലെറ്റുകളുടെയും വെയര്‍ഹൗസുകളുടെയും നടത്തിപ്പ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ള സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ചില്ലറ വില്‍പ്പന മേഖലയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം കൊണ്ടുവരാന്‍ ആലോചനയുണ്ട്. ഇതിനൊപ്പം പരമ്പരാഗത കള്ളുചെത്ത് വ്യവസായ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും ശുപാര്‍ശയുണ്ട്. വീര്യം കുറഞ്ഞ മദ്യവില്‍പ്പന സംബന്ധിച്ച അന്തിമ തീരുമാനം ഘടകകക്ഷികളുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്നാണ് എക്‌സൈസ് മന്ത്രിയുടെയും നിലപാട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement