19/11/2026
Kerala News

വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

 വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ


തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാക്കുമ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി വി.ഡി. സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാരാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അഭിപ്രായ ഐക്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിന്റേത് നെഹ്റുവിന്റെയും ഗാന്ധിയുടെയും പ്രത്യയശാസ്ത്രമാണെന്ന് അവകാശപ്പെടുമ്പോഴും വി.ഡി. സതീശന്‍ സര്‍ക്കാര്‍ ആ ആശയങ്ങളില്‍നിന്ന് എത്രത്തോളം അകലെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. നെഹ്റുവിനെയും ഗാന്ധിയെയും വാക്കുകളില്‍ മാത്രം പ്രകീര്‍ത്തിക്കുന്ന സര്‍ക്കാര്‍ സവര്‍ക്കറിന് മാന്യത കല്‍പ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും വ്യത്യസ്ത നിലപാടുകളിലാണ് മുന്നോട്ടുപോകുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവനകളും വൈദ്യുതി, എക്‌സൈസ്, വിദ്യാഭ്യാസം, ആഭ്യന്തര വകുപ്പുകളിലെ മന്ത്രിമാരുടെ പ്രതികരണങ്ങളും ഒരേ നിലപാടാണെന്ന് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സര്‍ക്കാരിന്റെ ആദ്യ ആറുമാസത്തെ അനുകൂല കാലയളവ് അവസാനിച്ചതോടെ പ്രതിപക്ഷവും വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ്. എല്‍പിഎസ്ടി സമരം, മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലംമാറ്റം, പരിശീലന വിഷയങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

എല്‍പിഎസ്ടി സമരം ഇത്രത്തോളം വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതാണ് പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement