തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ആറുമാസത്തെ ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് വി. ശിവന്‍കുട്ടി. മുഖ്യമന്ത്രി കഴിഞ്ഞ ആറുമാസമായി പറയുന്നത് നുണകളാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെല്ലാം പുതിയ സര്‍ക്കാര്‍ മരവിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളയുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക നിലവാരം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ശിവന്‍കുട്ടി ആരോപിച്ചു. സബ്ജക്ട് മിനിമം നിര്‍ത്തലാക്കിയെന്നും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവല്‍ക്കരിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്‌കൂളുകളില്‍ കെ-ഫോണ്‍ സേവനം ലഭിക്കാന്‍ പണം നല്‍കേണ്ട സാഹചര്യമാണെന്നും വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവല്‍ക്കരണം നടക്കുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷയെക്കുറിച്ച് മന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നതും വിമര്‍ശനവിധേയമാക്കി.
പി.എം. ശ്രീ പദ്ധതി കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ചവര്‍ അത് നടപ്പാക്കിയില്ലെന്നും ശിവന്‍കുട്ടി പരിഹസിച്ചു. മന്ത്രിമാര്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്നും സഞ്ചരിക്കാന്‍ വാഹനങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ അദ്ദേഹം, അതിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്ത് ന്യായീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വാഹനം വാങ്ങിയപ്പോള്‍ വലിയ പ്രതിഷേധമുയര്‍ത്തിയവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മന്ത്രിമാര്‍ നല്ല വീടുകളില്‍ തന്നെ താമസിക്കണമെന്നും എന്നാല്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ മോശം സാഹചര്യങ്ങളിലുള്ള വീടുകളില്‍ കഴിയണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരുന്നതെന്നും ശിവന്‍കുട്ടി പരിഹസിച്ചു. ആറുമാസത്തിനിടെ നിരവധി അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നതെന്നും ബാര്‍ ലൈസന്‍സ്, വൈദ്യുതി തുടങ്ങിയ വിഷയങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment