തിരുവനന്തപുരം: ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തിയിട്ടും മന്ത്രിയുടെ ഓഫീസില്‍ പ്രവേശിപ്പിച്ചില്ലെന്ന് സമരസമിതി നേതാവ് വളര്‍മതി. മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ചര്‍ച്ചയ്ക്കെത്തിയതെന്നും എന്നാല്‍ അകത്തേക്ക് കടത്തിവിടാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും വളര്‍മതി പറഞ്ഞു. ഏഴ് ദിവസം ഐസിയുവില്‍ കഴിഞ്ഞ് എത്തിയ തന്നോടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും അവര്‍ പ്രതികരിച്ചു.
വളര്‍മതി നിലവില്‍ വെയിറ്റിങ് റൂമില്‍ ഇരിക്കുകയാണെന്ന് മറ്റ് സമരക്കാര്‍ അറിയിച്ചു. ചര്‍ച്ചയുടെ സമയം കൃത്യമായി അറിയിച്ചിരുന്നില്ലെന്നും വെയിറ്റിങ് റൂമില്‍ കാത്തിരിക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇതിനിടെ വിദ്യാഭ്യാസ മന്ത്രി എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചു.
അധ്യാപക-വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്. അവരുടെ നാല് ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തിക ബാധ്യതയാണ് പ്രധാന വെല്ലുവിളിയെന്നും നിലവില്‍ നല്കിയ ഉറപ്പുകള്‍ നടപ്പാക്കുന്നതിലൂടെ തന്നെ 25 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഫോര്‍മുല സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന നിര്‍ദേശത്തെ ധനവകുപ്പ് മന്ത്രിസഭാ യോഗത്തില്‍ എതിര്‍ത്തതോടെയാണ് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത്. നിര്‍ദേശം നടപ്പാക്കിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് എതിര്‍പ്പ് അറിയിച്ചത്.


Comments
No comments yet. Be the first to comment!
Leave a Comment