19/11/2026
Kerala News

പി.എസ്.സി അംഗങ്ങളുടെ നിയമനപ്പട്ടികയെച്ചൊല്ലി മന്ത്രിസഭയില്‍ തര്‍ക്കം; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാരുടെ വിമര്‍ശനം

 പി.എസ്.സി അംഗങ്ങളുടെ നിയമനപ്പട്ടികയെച്ചൊല്ലി മന്ത്രിസഭയില്‍ തര്‍ക്കം; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാരുടെ വിമര്‍ശനം


തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം മാസത്തില്‍ മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായവ്യത്യാസം. പി.എസ്.സിയിലെ അഞ്ച് ഒഴിവുകളിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിനായി മുഖ്യമന്ത്രി മുന്നോട്ടുവെച്ച പട്ടികയാണ് മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായത്. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയെന്നായിരുന്നു വിമര്‍ശനം.

പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്. ചര്‍ച്ചകള്‍ നടത്താതെയാണ് പട്ടിക തീരുമാനിച്ചതെന്ന് എ.പി. അനില്‍കുമാര്‍ വിമര്‍ശിച്ചു. സണ്ണി ജോസഫും നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. ചര്‍ച്ചയോ മുന്‍കൂര്‍ അറിവോ ഇല്ലാതെയാണ് പട്ടിക മുന്നോട്ടുവെച്ചതെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

അഞ്ച് പി.എസ്.സി അംഗങ്ങളുടെ പട്ടികയില്‍ ആര്‍എസ്പിക്ക് പരിഗണന ലഭിച്ചില്ലെന്ന് ഷിബു ബേബി ജോണും യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍ അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. പി.എസ്.സി നിയമനത്തില്‍ മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനകാര്യത്തിലും വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന് എ.പി. അനില്‍കുമാര്‍ വിമര്‍ശിച്ചു.

ഇതിനിടെ കെ. മുരളീധരന്‍ ഇടപെട്ട്, മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വ്യക്തമാക്കി. ഇതോടെ സണ്ണി ജോസഫ് വീണ്ടും എതിര്‍പ്പുമായി രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടുപോലും പല കാര്യങ്ങളും അറിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ചില വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ അഞ്ച് പി.എസ്.സി അംഗങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement