കൊച്ചി: ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വ്യാഴാഴ്ച വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന് 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമായ കേസിലാണ് വിധി വരുന്നത്.
2012 സെപ്റ്റംബര്‍ 20നാണ് എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിന് സമീപം രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. 24 വയസായിരുന്നു അന്ന് ഷുക്കൂറിന്റെ പ്രായം.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കുറ്റമാണ് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും പ്രത്യേക സിബിഐ കോടതിയെ സമീപിച്ചിരുന്നു. സിബിഐയാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തത്.
കേസില്‍ അന്യായമായാണ് തങ്ങളെ പ്രതികളാക്കിയതെന്നായിരുന്നു ഇരുവരുടെയും വാദം. സംഭവസമയത്ത് തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ത്തതെന്നും പി. ജയരാജന് കോടതിയില്‍ വാദിച്ചു.
എന്നാല്‍, ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയെ ഷുക്കൂറിന്റെ മാതാവ് എതിര്‍ത്തു. ഇരു ഭാഗങ്ങളുടെയും വാദം കേട്ട കോടതി പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നും ഉത്തരവിടുകയായിരുന്നു. കേസില്‍ വ്യാഴാഴ്ചയെത്തുന്ന വിധി രാഷ്ട്രീയ രംഗത്തും ശ്രദ്ധേയമാകും.


Comments
No comments yet. Be the first to comment!
Leave a Comment