17/11/2026
Kerala News

ഡിഎംഒമാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി; വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്

 ഡിഎംഒമാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി; വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്


തിരുവനന്തപുരം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതില്‍ ഡിഎംഒമാര്‍ വീഴ്ച വരുത്തുന്നുവെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. പേരൂര്‍ക്കട മാതൃകാ ജില്ലാ ആശുപത്രിയില്‍ ചത്ത എലികളെയും പൂച്ചകളെയും കിടക്കകളില്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമര്‍ശനം.

വീഴ്ചകള്‍ സംഭവിച്ചശേഷം ഇടപെടുന്നതിന് പകരം ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മന്ത്രി നല്‍കിയ നിര്‍ദേശം. മന്ത്രി നല്‍കുന്ന നിര്‍ദേശങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന വിമര്‍ശനവും ആരോഗ്യവകുപ്പിനുണ്ട്. പല ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ഡിഎംഒമാര്‍ നേരിട്ട് വിലയിരുത്തണം. ആശുപത്രികളിലെ സൗകര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും പോരായ്മകള്‍ കണ്ടെത്തിയാല്‍ അവ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണം. ഇതിനായി വകുപ്പുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പേരൂര്‍ക്കട മാതൃകാ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാ വാര്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ചത്ത എലികളെയും പൂച്ചകളെയും കിടക്കകളില്‍ കണ്ടെത്തിയ സംഭവം ആരോഗ്യവകുപ്പിന് വലിയ നാണക്കേടായിരുന്നു. ആശുപത്രികളില്‍ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement