17/11/2026
India News

ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവിന്റെ വോട്ടുകള്ളാ മുദ്രാവാക്യം; ഭാരത് ഉച്ചകോടിയെ ചൊല്ലി വിവാദം, രാഹുലിനെതിരെ BJP

ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവിന്റെ വോട്ടുകള്ളാ മുദ്രാവാക്യം; ഭാരത് ഉച്ചകോടിയെ ചൊല്ലി വിവാദം, രാഹുലിനെതിരെ BJP

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്ക് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഉച്ചകോടിയില്‍ പങ്കെടുത്ത ഫിലിബെക്ക് വോട്ട് കള്ളന്‍, അധികാരം ഒഴിയൂ എന്ന് മുദ്രാവാക്യം വിളിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയതോടെയാണ് വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായത്. കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

ഭാരത് ഉച്ചകോടിയിലൂടെ ഇന്ത്യയിലേക്ക് രാജ്യവിരുദ്ധ ശക്തികളെ എത്തിക്കുകയും രാജ്യത്തിന്റെ ജനാധിപത്യത്തെ അപമാനിക്കുകയും ചെയ്തുവെന്ന് ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ എന്‍. രാംചന്ദര്‍ റാവു കുറ്റപ്പെടുത്തി. സംഭവത്തില്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വിദേശരാജ്യത്ത് പോയി ഇന്ത്യയെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, ഇപ്പോള്‍ രാജ്യത്തിനകത്ത് വെച്ച് തന്നെ ഇന്ത്യയ്ക്കെതിരെ സംസാരിക്കാന്‍ വിദേശികളെ ക്ഷണിച്ചിരിക്കുകയാണെന്നും ഇത് രാജ്യദ്രോഹപരമായ നടപടിയാണെന്നും രാംചന്ദര്‍ റാവു വിമര്‍ശിച്ചു. ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുകള്‍ വഴി സാമ്പത്തിക സഹായം ലഭിക്കുന്ന പ്രോഗ്രസീവ് അലയന്‍സ്, പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍ എന്നീ സംഘടനകളുടെ പ്രതിനിധികളെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പതിവെന്നും ഇത്തരത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കോണ്‍ഗ്രസിന് ഒരിക്കലും അധികാരം ലഭിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അധികാരമാണ് ലക്ഷ്യമെങ്കില്‍ വിദേശയാത്രകള്‍ നിര്‍ത്തി ഇന്ത്യയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണമെന്നും, ഈ രീതിയില്‍ തുടര്‍ന്നാല്‍ അടുത്ത 30 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും വികസന മാതൃകയെയും ലോകം മുഴുവന്‍ അഭിനന്ദിക്കുമ്പോള്‍, ഭാരത് എന്ന് പേരിട്ടിരുന്ന ഉച്ചകോടിയുടെ വേദി പ്രധാനമന്ത്രിയെയും രാജ്യത്തെയും വിമര്‍ശിക്കാനാണ് ഉപയോഗിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement