തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, അനധികൃതമായി ആനുകൂല്യം സ്വീകരിക്കല്‍, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്. രാജ്ഭവനില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് വി. അബ്ദുറഹ്മാനെ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ SIT ആരംഭിച്ചത്.
മെസ്സിയുടെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായ പണപ്പിരിവ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് (RBC) ഈ പണപ്പിരിവിന് നേതൃത്വം നല്‍കിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ധനസമാഹരണത്തിനായി പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ആര്.ബി.സിയുടെ അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനും പണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരെന്നറിയാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അര്‍ജന്റീന ടീമിനായി വിദേശത്തേക്ക് അയച്ച പണം ആരുടെ കൈകളില്‍ എത്തിയെന്ന കാര്യവും സംഘം അന്വേഷിക്കുന്നുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നും (AFA) വിവരങ്ങള്‍ തേടാന്‍ SIT തയ്യാറെടുക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് അടക്കമുള്ളവര്‍ നിലവില്‍ കേസിലെ പ്രതികളാണെങ്കിലും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മാധ്യമ കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ മുന്‍ മന്ത്രി കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.


Comments
No comments yet. Be the first to comment!
Leave a Comment