14/11/2026
Kerala News

മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തില്‍ എസ്ഐടി

 മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തില്‍ എസ്ഐടി

തിരുവനന്തപുരം: ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍, പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ (ആര്‍.ബി.സി) ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി ഓഡിറ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതിന് പിന്നാലെ ആര്‍.ബി.സി സംസ്ഥാനത്ത് വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും, സംശയാസ്പദമായ സാഹചര്യത്തില്‍ ധനസമാഹരണത്തിനായി യോഗങ്ങള്‍ ചേര്‍ന്നെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.

കമ്പനിക്ക് പണം നല്‍കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഫണ്ട് കൈമാറ്റങ്ങളും ഓഡിറ്റിങ്ങിലൂടെ സൂക്ഷ്മമായി പരിശോധിക്കും. സമാഹരിച്ച പണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് കണ്ടെത്താനാണ് എസ്.ഐ.ടിയുടെ ശ്രമം. അര്‍ജന്റീനയ്ക്ക് വേണ്ടി വിദേശത്തേക്ക് അയച്ച പണം ആരുടെ കൈകളിലേക്കാണ് എത്തിയതെന്നും സംഘം അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വ്യക്തതയ്ക്കായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും എസ്.ഐ.ടി ഔദ്യോഗികമായി വിവരങ്ങള്‍ തേടും.

അതേസമയം, കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ ഉടന്‍ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു. അഴിമതി നിരോധന നിയമപ്രകാരം വി. അബ്ദുറഹ്‌മാനെതിരെ കേസെടുക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുകയും ലോക് ഭവനില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി ലഭിക്കുകയും ചെയ്തതോടെയാണിത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ വി. അബ്ദുറഹ്‌മാന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. വി. അബ്ദുറഹ്‌മാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍.




Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement