14/11/2026
Kerala News

ജി സുകുമാരന്‍ നായര്‍ ക്ഷണിച്ചു; മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പെരുന്നയിലേക്ക്

 ജി സുകുമാരന്‍ നായര്‍ ക്ഷണിച്ചു; മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പെരുന്നയിലേക്ക്

കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചയ്ക്കും രൂക്ഷമായ വാക്പോരുകള്‍ക്കും വിരാമമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയിലേക്ക്. ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചു. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് വി.ഡി. സതീശന്‍ പെരുന്ന സന്ദര്‍ശിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പായിരുന്നു ഇതിനുമുന്‍പ് അദ്ദേഹം എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയത്.

തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും, മുഖ്യമന്ത്രിയായ ശേഷം സന്ദര്‍ശനാനുമതി നല്‍കാതിരുന്നതും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിരുന്നു. എന്‍.എസ്.എസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദൂതന്‍ വഴി രണ്ട് തവണ സമീപിച്ചിട്ടും മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്ന് സുകുമാരന്‍ നായര്‍ മുന്‍പ് പരസ്യമായി ആരോപിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സമയം ചോദിച്ചതെന്നും, ആരുടെയും ഔദാര്യത്തിനല്ല മറിച്ച് സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ശ്രമിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുഖ്യമന്ത്രിക്ക് അഹങ്കാരമാണെന്നും, ആരുടെയും കാലുപിടിക്കാന്‍ എന്‍.എസ്.എസില്ലെന്നും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ സുകുമാരന്‍ നായര്‍ തുറന്നടിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ കടുത്ത അസ്വാരസ്യങ്ങള്‍ക്കെല്ലാം ശേഷമാണ് മന്നം ജയന്തി വേദിയില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്നത് രാഷ്ട്രീയ കേരളം ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement