തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഫെസ്റ്റിവൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തീർത്ഥാടകരുടെ തിരക്ക് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുമെന്നും, ഇതിനായി സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും, ബോർഡിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ മാസം 16-ന് ശബരിമലയിൽ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തുമെന്നും പറഞ്ഞു.
ശബരിമലയിലെ പ്രവർത്തനങ്ങൾ ഏറെ ശുഷ്കാന്തിയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അരവണ നിർമ്മാണ യൂണിറ്റിലെ ജീവനക്കാർ 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഈ പ്രായത്തിലും ദേവസ്വം ബോർഡ് പ്രസിഡന്റ് നടന്നാണ് മലകയറുന്നത്. എല്ലാ കാര്യത്തിലും കുറ്റം കണ്ടെത്തുന്ന സമീപനം ശരിയല്ലെന്നും, ഈ വർഷത്തെ നട അടച്ചാൽ ഉടൻ അടുത്ത തീർത്ഥാടന കാലത്തേക്കുള്ള ദീർഘകാല പദ്ധതികൾ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിസഭയിൽ നിന്ന് ആരെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ താൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് കെ. മുരളീധരൻ മറുപടി നൽകി.
പുറത്തുപോയി പഠിച്ച നഴ്സുമാരെക്കുറിച്ചുള്ള മുൻപത്തെ പരാമർശത്തിലും മന്ത്രി വിശദീകരണം നൽകി. എല്ലാ നഴ്സുമാരെയും ഉദ്ദേശിച്ചല്ല താൻ അങ്ങനെ പറഞ്ഞതെന്നും, സ്വന്തമായി ആശുപത്രികൾ പോലുമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് സംഭവിക്കുന്ന പിഴവുകളെക്കുറിച്ചാണ് പരാമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


Comments
No comments yet. Be the first to comment!
Leave a Comment