തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന ആവശ്യങ്ങള്‍ക്കായി 5,000 കിലോഗ്രാം നെയ്യ് മില്‍മ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. തിരുവനന്തപുരം മില്‍മ മേഖലാ യൂണിയന്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കിലോഗ്രാമിന് 660 രൂപ നിരക്കിലാണ് നെയ്യ് നല്‍കുന്നത്. പത്തനംതിട്ട ഡയറിയില്‍ നിന്നും പ്രത്യേക വാഹനത്തിലായിരിക്കും നെയ്യ് പമ്പയിലെത്തിക്കുക.
ഈ വര്‍ഷത്തെ നെയ്യ് വിതരണത്തിനായുള്ള പുതിയ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ്, ആദ്യഘട്ടമെന്ന നിലയില്‍ 5,000 കിലോഗ്രാം നെയ്യ് കൈമാറാന്‍ മില്‍മ തീരുമാനിച്ചത്. അതേസമയം, പുതിയ ടെന്‍ഡറില്‍ മില്‍മയെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മില്‍മ വിതരണം ചെയ്ത നെയ്യ് തമിഴ്നാട്ടിലേക്ക് മറിച്ചുവില്‍ക്കുകയും, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്തേക്ക് എത്തിക്കുകയും ചെയ്‌തെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണസമിതി പിരിച്ചുവിടുന്നതുവരെ കാര്യങ്ങളെത്തിയെങ്കിലും ഹൈക്കോടതി ഈ നടപടി റദ്ദാക്കുകയായിരുന്നു. നിലവില്‍ ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.


Comments
No comments yet. Be the first to comment!
Leave a Comment