പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമക്കേസില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം. ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് പത്തനംതിട്ട ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദമായ സംഭവത്തിലാണ് പൊലീസ് ഇവരെ പ്രതിചേര്‍ത്തത്. ജൂലൈ 11ന് യൂട്യൂബര്‍ രാജന് ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് അന്ന് കേസെടുത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. കണ്ടാല്‍ അറിയാവുന്നവര്‍ എന്ന പരാമര്‍ശം മാത്രമായിരുന്നു എഫ്ഐആറില്‍ ഉണ്ടായിരുന്നത്.
പിന്നീട് സിപിഎം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. ഇതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പ്രതിചേര്‍ത്തത്.
അതേസമയം, പൊലീസ് സ്റ്റേഷനില്‍ താന്‍ അതിക്രമം നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. പരാതിക്കാരി എന്ന നിലയില്‍ പ്രതിയെ തിരിച്ചറിയുന്നതിനായാണ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് അകത്തോ പുറത്തോ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറഞ്ഞു.


Comments
No comments yet. Be the first to comment!
Leave a Comment