09/11/2026
India News

ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം; കരാറുകാരന്‍ വി.ഒ സാജന്റെ മൊഴി രേഖപ്പെടുത്തി

ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം; കരാറുകാരന്‍ വി.ഒ സാജന്റെ മൊഴി രേഖപ്പെടുത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിര്‍ണ്ണായക നീക്കം. സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പരാതിക്കാരനായ കെ.എസ്.ടി.പി ഉപകരാറുകാരന്‍ വി.ഒ. സാജന്റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലന്‍സ് ഓഫീസില്‍ വച്ചാണ് അന്വേഷണ സംഘം സാജന്റെ ആദ്യ മൊഴിയെടുത്തത്.

2007-ല്‍ നടന്ന വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിന്റെ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി വി.ഒ. സാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ അന്വേഷണ സംഘം ഗ്യാനേഷ് കുമാറിന് അനുകൂലമായ മൊഴികള്‍ മാത്രം രേഖപ്പെടുത്തി കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും സാജന്‍ ആരോപിച്ചു.

ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം മന്ദഗതിയിലായ ഘട്ടത്തിലാണ് വി.ഒ. സാജന്റെ പരാതി എത്തുന്നത്. കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യന്‍ കമ്പനി പ്രതിനിധിയായ ലീ സീ ബീനിനോട് ഗ്യാനേഷ് കുമാര്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും, ഇത് നല്‍കാത്തതിനെ തുടര്‍ന്ന് ബില്ലുകള്‍ തടഞ്ഞുവെച്ചുവെന്നും മരിക്കുന്നതിന് മുന്‍പ് ലീ സീ ബീന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നാണ് സാജന്റെ പരാതി. ബില്ലുകള്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ലീ സീ ബീന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും ഇക്കാര്യം കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കും അറിയാമായിരുന്നുവെന്നും സാജന്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

സാജന്റെ പരാതിയില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയത്. സാജന്‍ കൈമാറിയ വിവരങ്ങളും തെളിവുകളും വിശദമായി പരിശോധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനാണ് വിജിലന്‍സിന്റെ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement