അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി പറയുന്നത് മാറ്റി. കേസ് ഈ മാസം 16-ന് വീണ്ടും പരിഗണിക്കും. വിധി പുറപ്പെടുവിക്കുന്ന തീയതി അന്നായിരിക്കും കോടതി അറിയിക്കുക. കേസില്‍ നവംബര്‍ 12-ന് വിധി പറയാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
സി.പി.ഐ.എം നേതാക്കളായ പി. ജയരാജന്, ടി.വി. രാജേഷ് എന്നിവര്‍ ഉള്‍പ്പെടെ 33 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ട് പേര് മരണപ്പെട്ടതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. കൊച്ചി സി.ബി.ഐ സ്പെഷ്യല്‍ കോടതി (3) ജഡ്ജി പി. ശബരിനാഥ് മുമ്പാകെ 2025 മേയ് അഞ്ചിനാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. 17 മാസം നീണ്ടുനിന്ന വിചാരണ വേളയില്‍ 41 സാക്ഷികളെ കോടതി വിസ്തരിച്ചു.
സംഭവം ഇങ്ങനെ:
മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. പട്ടുവത്ത് സി.പി.ഐ.എം - ലീഗ് സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ സന്ദര്‍ശിക്കാന്‍ എത്തിയ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം തളിപ്പറമ്പ് പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് മണിക്കൂറുകള്‍ക്കകം ചെറുകുന്ന് കീഴറയില്‍ വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചാണ് കൊലപാതകത്തിനുള്ള ആസൂത്രണം നടന്നതെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. പ്രാദേശിക നേതാക്കള്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് ജയരാജനും രാജേഷിനും കൃത്യമായ അറിവുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.


Comments
No comments yet. Be the first to comment!
Leave a Comment