തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ മാനദണ്ഡത്തില്‍ ഇളവ് അനുവദിച്ച മുന്‍ ഇടത് സര്‍ക്കാര്‍ നയത്തെ പിന്തുണച്ച് യുഡിഎഫ് സര്‍ക്കാരും. ക്ലാസിഫിക്കേഷന്‍ ലഭിക്കാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള നടപടി ഭരണപരമായ ക്രമീകരണം മാത്രമായിരുന്നുവെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. നികുതി വകുപ്പിന്റെ സത്യവാങ്മൂലം എക്‌സൈസ് വകുപ്പുമായി ആലോചിച്ചാണ് നല്‍കിയതെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ പരിശോധനയില്‍ അകാരണമായ കാലതാമസം നേരിട്ടതോടെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്നാണ് എം.ബി. രാജേഷ് എക്‌സൈസ് മന്ത്രിയായിരുന്ന കാലത്ത് ക്ലാസിഫിക്കേഷന്‍ ലഭിക്കാത്ത ഹോട്ടലുകള്‍ക്കും ലൈസന്‍സ് പുതുക്കാനുള്ള ഭരണപരമായ ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഈ നടപടിയെയാണ് നിലവിലെ സര്‍ക്കാരും കോടതിയില്‍ അനുകൂലിച്ചത്.
അതേസമയം, ക്ലാസിഫിക്കേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ലൈസന്‍സ് പുതുക്കാന്‍ കഴിയാതിരുന്ന ബാറുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. പട്ടിക കേന്ദ്ര ടൂറിസം വകുപ്പിന് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് പുതുക്കാന്‍ അര്‍ഹതയില്ലാത്ത ബാറുകള്‍ക്ക് അനുമതി നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.


Comments
No comments yet. Be the first to comment!
Leave a Comment