ദില്ലി: ദേശീയ തലസ്ഥാനമായ ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ മേഖലകളില്‍ വായു ഗുണനിലവാര സൂചിക (എക്യുഐ) 400ന് മുകളില്‍ തുടരുകയാണ്. മലിനീകരണ തോത് അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് ഉയര്‍ന്നതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് ദില്ലിയില്‍ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയത്. തുടര്‍ച്ചയായ അഞ്ച് ദിവസമായി ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും 22ലധികം മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളില്‍ എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐഐടി ദില്ലി, പഞ്ചാബി ബാഗ്, വിവേക് വിഹാര്‍, ജഹാംഗീര്‍പുരി, രോഹിണി, മുണ്ട്ക തുടങ്ങിയ മേഖലകളിലാണ് മലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
കാലാവസ്ഥയിലെ മാറ്റങ്ങള്‍, കാറ്റിന്റെ വേഗത കുറയുന്നത്, കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് തുടങ്ങിയവയാണ് മലിനീകരണ തോത് ഉയരാന്‍ പ്രധാന കാരണങ്ങളെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.
ഇതിനുപുറമെ, കോടതി ഉത്തരവുകള്‍ അവഗണിച്ച് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചതും വായുമലിനീകരണം വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍. മലിനീകരണ സാഹചര്യം കൂടുതല്‍ വഷളാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.


Comments
No comments yet. Be the first to comment!
Leave a Comment