തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ച സ്വകാര്യ കമ്പനിയായ ജിഎന്എയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. വിപണിയിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതിന് കമ്പനിക്ക് നേരത്തെ സെബി പിഴ ചുമത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്. അനധികൃത ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് ജിഎന്എയ്ക്കെതിരെ സെബിക്ക് പരാതിയും ലഭിച്ചിരുന്നു. കെഎസ്ഇബിയെയും വൈദ്യുതി വകുപ്പിനെയും മറികടന്ന് ഇ-ടെന്‍ഡര്‍ നടപടികളില്ലാതെ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് ലിമിറ്റഡുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ജിഎന്‍എ വന്‍ ക്രമക്കേടുകള്‍ നടത്തിയതായി സെബി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നാണ് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്. 2025-ല്‍ വിപണിയിലെ മാര്‍ക്കറ്റ് കപ്ലിംഗുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയെന്നും ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. ഗുരുതരമായ പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സെബി ഇടപെട്ട് നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന് പുറമെ കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ പ്രത്യേക അന്വേഷണവും കമ്പനി നേരിട്ടിരുന്നു. ഇത്തരത്തില്‍ ആരോപണങ്ങളും നടപടികളും നിലനില്‍ക്കുന്ന കമ്പനിയെ വൈദ്യുതി വാങ്ങലിനായി പരിഗണിച്ചതിലാണ് ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത്.
മുഖ്യമന്ത്രിയുടെ നിലപാട് വലിയ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്ന് സിപിഐഎം ആരോപിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് രാജ്യത്ത് ഇ-ടെന്‍ഡറിങ് നിര്‍ബന്ധമാണെന്നിരിക്കെ, നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യ കമ്പനിയുമായി സര്‍ക്കാര്‍ സഹകരിച്ചതിലും ദുരൂഹതയുണ്ടെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ നീക്കത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.


Comments
No comments yet. Be the first to comment!
Leave a Comment