തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി ബിജെപി സംസ്ഥാന നേതൃത്വം കൂടിക്കാഴ്ച നടത്തും. ഇന്നു ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപിമാരായ സി. സദാനന്ദന്, പി.ടി. ഉഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നത്. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നല്കിയ ശിപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടാനാണ് കൂടിക്കാഴ്ച.
ഇതിനിടെ, പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ നല്കിയ ശിപാര്‍ശയെ പിന്തുണച്ച് പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറും രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറുന്നതിന് തൊട്ടുമുന്‍പായിരുന്നു അര്‍ലേക്കറുടെ അസാധാരണ നടപടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 317 പ്രകാരം പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും പദവിയില്‍ നിന്ന് പുറത്താക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കവേ ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണെന്നും അതിനാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇവരെ നീക്കണമെന്നുമാണ് ഗവര്‍ണറുടെ ശിപാര്‍ശ.
അതേസമയം, മന്ത്രിസഭയുടെ ഉപദേശമില്ലാതെ പിഎസ്സി പിരിച്ചുവിടാന്‍ മുന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്ത നടപടിയെ മുഖ്യമന്ത്രി വി.ഡി. സതീശന് തള്ളിപ്പറഞ്ഞു. സര്‍ക്കാരിനെ അറിയിക്കാതെ നല്കിയ ഈ ശിപാര്‍ശ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാല്‍ പിഎസ്സി നടപടികളില്‍ ക്രമക്കേടുണ്ടെന്ന കാര്യത്തില്‍ സര്‍ക്കാരിനും ഒരേ അഭിപ്രായമാണെന്ന് അറിയിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment