05/11/2026
Kerala News

ആസൂത്രണബോര്‍ഡ് പരീക്ഷാ ക്രമക്കേട്: 58 മാര്‍ക്കിന് മൂല്യനിര്‍ണയം നടത്താത്തത് ഉദ്യോഗസ്ഥ വീഴ്ച; സാങ്കേതിക പിഴവെന്ന PSC വാദം തെറ്റ്

ആസൂത്രണബോര്‍ഡ് പരീക്ഷാ ക്രമക്കേട്: 58 മാര്‍ക്കിന് മൂല്യനിര്‍ണയം നടത്താത്തത് ഉദ്യോഗസ്ഥ വീഴ്ച; സാങ്കേതിക പിഴവെന്ന PSC വാദം തെറ്റ്

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്ന ക്രമക്കേട് സാങ്കേതിക പിഴവാണെന്ന പിഎസ്സിയുടെ (PSC) വാദം തള്ളി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT). 58 മാര്‍ക്കിന് മൂല്യനിര്‍ണയം നടത്താതിരുന്നത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് അന്വേഷണ സംഘം ഡെമോ മൂല്യനിര്‍ണയത്തിലൂടെ കണ്ടെത്തി. മൂല്യനിര്‍ണയത്തിനിടയില്‍ സംഭവിച്ച സാങ്കേതിക പിഴവ് മാത്രമാണിതെന്നായിരുന്നു പിഎസ്സി ചെയര്‍മാന്‍ അടക്കമുള്ള അധികൃതരുടെ മുന്‍ നിലപാട്.

കേസുമായി ബന്ധപ്പെട്ട് പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി തന്റെ മുന്‍ മൊഴി ആവര്‍ത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പിഎസ്സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാന്‍ PSC ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. അതേസമയം, പിഎസ്സി ചെയര്‍മാന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് PSC സെക്രട്ടറി സാജു ജോര്‍ജ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ വലിയ ക്രമക്കേട് കണ്ടെത്തിയിട്ടും നിയമനം റദ്ദാക്കാന്‍ പി.എസ്.സി തയ്യാറായിട്ടില്ല എന്നത് വന്‍ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. മുന്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടും ആദ്യ ലിസ്റ്റ് പ്രകാരം സര്‍വീസില്‍ കയറിയ അരുണ്‍ ജെ. പ്രതാപ് ഇപ്പോഴും അതേ തസ്തികയില്‍ തുടരുകയാണ്. ഇയാളെ നിലവിലെ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ പി.എസ്.സി ഉടന്‍ തീരുമാനമെടുത്തേക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement