പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനിലുണ്ടായ കോണ്‍ഗ്രസ് അതിക്രമ സംഭവത്തില്‍ പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ആലോചിക്കുന്നു. സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും സ്ഥലം മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം, സ്റ്റേഷന് അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേര്‍ക്കും. ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി (SP) ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തനിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് യൂട്യൂബര്‍ രാജന് ജോസഫിനെ ജൂലൈ 11-ന് എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജന് ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങളും സംഘര്‍ഷവും അരങ്ങേറിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിലൂടെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
എന്നാല്‍, താന്‍ രാജന് ജോസഫിനെ ആക്രമിച്ചിട്ടില്ലെന്നും ലോക്കപ്പിനുള്ളിലുണ്ടായിരുന്ന അദ്ദേഹത്തോട് സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചതെന്നുമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്.


Comments
No comments yet. Be the first to comment!
Leave a Comment