തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ പതിനേഴുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ ഇയാള്‍ക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. കൃത്യം നടന്ന സമയത്ത് കേസില്‍ നേരത്തെ കസ്റ്റഡിയിലായ കാപ്പ കേസ് പ്രതി ഉമറും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം നാലായി.
പരുത്തിപ്പാറ എന്‍.എസ്.എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ അഭിറാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ പതിനേഴുകാരന് തെളിവെടുപ്പിനിടെ വെളിപ്പെടുത്തി. സ്ഥലത്തെത്തിയ അഭിറാമുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു എന്നാണ് കേസില്‍ കസ്റ്റഡിയിലുള്ള അഭിറാമിന്റെ സുഹൃത്തായ പ്രധാന പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.
സംഭവസ്ഥലത്ത് ഇന്നലെ തന്നെ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇന്‍ക്വസ്റ്റ്, ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം പുലര്‍ച്ചെയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംഭവത്തില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. കേസിലെ മറ്റൊരു പ്രതിയായ ഉമര്‍ കാപ്പ (KAAPA) നിയമപ്രകാരം നടപടി നേരിട്ടയാളും കഴക്കൂട്ടം, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളില്‍ മോഷണം, ലഹരി കടത്ത്, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയുമാണ്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.


Comments
No comments yet. Be the first to comment!
Leave a Comment