കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്ന് വിദേശ പൗരന് കൊല്ലപ്പെട്ടു. കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സോലുഖുംബു ജില്ലയിലെ ഫേരിച്ചെ ഹെലിപാഡില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
ഫിഷ്ടെയില് എയര്‍, എയര്‍ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററുകളുടെ പങ്കകള്‍ (റോട്ടര്‍ ബ്ലേഡുകള്) തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇരു ഹെലികോപ്റ്ററുകളും നിലത്തേക്ക് പതിക്കുകയായിരുന്നു. കൊല്ലപ്പെട്ട വിദേശ പൗരന്റെ വ്യക്തിവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപകടത്തില്‍ പരിക്കേറ്റയാളെ ഉടനടി മറ്റൊരു ഹെലികോപ്റ്ററില്‍ ലുക്ലയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ഇരു ഹെലികോപ്റ്ററുകളിലെയും പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും വിശദാംശങ്ങള്‍ ലഭ്യമായിട്ടേയുള്ളൂ.
ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു നിലംപതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment