തിരുവനന്തപുരം: പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിറാം കൊല്ലപ്പെട്ട കേസില്‍ പെണ്‍കുട്ടിയടക്കം മൂന്നു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മണക്കാട് സ്വദേശിയും ഐ.ടി.ഐ വിദ്യാര്‍ഥിനിയുമായ അനന്ദ, ശ്രീകാര്യം സ്വദേശി ഉമര്‍, അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന് എന്നിവരാണ് അറസ്റ്റിലായത്. അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്ന് പോലീസ് കണ്ടെത്തി.
ആദ്യം ലക്ഷ്യമിട്ടത് അഭിറാമിനെയല്ലെന്നും, മറ്റൊരു കുട്ടിയെ അഭിറാം വഴി എത്തിക്കാനാണ് ശ്രമിച്ചതെന്നും കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന് തെളിവെടുപ്പിനിടെ വെളിപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തുവെച്ച് അഭിരാമുമായി വാക്കുതര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തത്. അറസ്റ്റിലായ ഉമര്‍ കാപ്പ (KAAPA) കേസ് പ്രതിയും കഴക്കൂട്ടം, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളില്‍ മോഷണം, ലഹരി കടത്ത്, അടിപിടി തുടങ്ങിയ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളുമാണ്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇന്‍ക്വസ്റ്റ്, ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം പുലര്‍ച്ചെയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Comments
No comments yet. Be the first to comment!
Leave a Comment