28/10/2026
Kerala News

നവംബര്‍ മുതല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കും; ഹിമാചലില്‍ നിന്നുള്ള വൈദ്യുതി വാങ്ങലില്‍ മുഖ്യമന്ത്രിയുടെ തീരുമാനം കാത്ത് കെഎസ്ഇബി

 നവംബര്‍ മുതല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കും; ഹിമാചലില്‍ നിന്നുള്ള വൈദ്യുതി വാങ്ങലില്‍ മുഖ്യമന്ത്രിയുടെ തീരുമാനം കാത്ത് കെഎസ്ഇബി


തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ മുതല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് ആശങ്ക. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതിന് മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. അതേസമയം, നവംബര്‍ മാസത്തെ വൈദ്യുതി ബില്ലിനൊപ്പം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്.

നവംബര്‍ മുതല്‍ അടുത്ത വര്‍ഷം മെയ് വരെ വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. നവംബറില്‍ പീക്ക് അവറിലെ വൈദ്യുതി കമ്മി 738 മെഗാവാട്ട് വരെയാകുമെന്നാണ് കണക്കാക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് 864 മെഗാവാട്ട് മുതല്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാനായാല്‍ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍, ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 12.50 രൂപ മുതല്‍ 14.50 രൂപ വരെ ചെലവ് വരും. റെഗുലേറ്ററി കമ്മീഷന്റെ അനുമതിപരിധിക്ക് പുറത്തുള്ള തുക ചെലവഴിക്കേണ്ടിവരുന്നതിനാല്‍ സര്‍ക്കാരിന്റെ അനുമതി തേടി കെഎസ്ഇബി ഫയല്‍ സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി മന്ത്രിയുടെ അനുമതിയോടെയാണ് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി ഫയല്‍ കൈമാറിയത്. ഇതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം, നവംബര്‍ മാസത്തില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. പ്രതിമാസ ബില്ലുകള്‍ അടയ്ക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് യൂണിറ്റിന് അഞ്ച് പൈസയും ദ്വൈമാസ ബില്ലുകള്‍ അടയ്ക്കുന്നവരില്‍ നിന്ന് യൂണിറ്റിന് നാല് പൈസയും സര്‍ചാര്‍ജായി ഈടാക്കും.

സെപ്റ്റംബര്‍ മാസത്തില്‍ 11.92 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഈ അധിക ബാധ്യത നികത്തുന്നതിനായാണ് നവംബറിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഉള്‍പ്പെടുത്തുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement