തിരുവനന്തപുരം: അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ശിശുമരണങ്ങളില്‍ അടിയന്തര ഇടപെടലുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. മേഖലയിലെ സ്ഥിതിഗതികള്‍ പഠിക്കുന്നതിനും പ്രതിരോധ നടപടികള്‍ക്കുമായി വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ അട്ടപ്പാടിയിലേക്ക് അയക്കും. ഡോക്ടര്‍മാരുടെ സംഘം നേരിട്ട് ഊരുകളില്‍ ക്യാമ്പ് ചെയ്ത് പരിശോധനകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടെന്നും, ജനിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദയസംബന്ധമായ വൈകല്യങ്ങളും മറ്റു തകരാറുകളുമാണ് മരണത്തിന് പ്രധാന കാരണമാകുന്നതെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി, വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും ഉറപ്പുനല്‍കി.
അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവിധ രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ഹൃദയരാഗം എന്ന പുതിയ പദ്ധതിക്ക് തുടക്കമിടുകയാണെന്നും മന്ത്രി അറിയിച്ചു. ഇടുക്കി, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ് എന്നീ നിയോജക മണ്ഡലങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. ഈ മണ്ഡലങ്ങളിലെ പ്രവര്‍ത്തനം വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൃദയരാഗം പദ്ധതിയെ പാലിയേറ്റീവ് കെയറുമായി ബന്ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവന്‍ രോഗികളെയും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment